കൊച്ചി ; ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തുന്നതോ കൊല്ലുന്നതോ സിപിഎമ്മിന്റെ രീതിയല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. സ്വകാര്യ മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ജയരാജൻ .
‘ ശബരിമലയിലെ സ്വർണം കവർന്ന സംഭവത്തിൽ അറസ്റ്റിലായവർ കുറ്റക്കാരെന്നു കണ്ടെത്തിയാൽ അവർക്ക് കുറ്റവാളികൾ എന്ന പരിഗണനയേ സിപിഎം നൽകൂ . ഞാനും പിണറായി വിജയനും അടക്കമുള്ളവർക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്‌ക്കു പിന്നിൽ ഇടതു വിരുദ്ധ ശക്തികളുടെ വലിയ റാക്കറ്റുകൾ ഉണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് അത്. എനിക്കെതിരെ നടന്ന വധശ്രമം അടക്കം അതിന്റെ ഭാഗമാണ്.
കേരളത്തിൽ ഇതുവരെ ഇടതു സർക്കാർ മാവോയിസ്റ്റുകളെ കൊന്നിട്ടില്ല. ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തുന്നതോ കൊല്ലുന്നതോ പരിഹാരമല്ല. അത് സിപിഎമ്മിന്റെ രീതിയുമല്ല. തെറ്റായ പ്രവർത്തനം വഴി യുവാക്കളുടെ പ്രസരിപ്പിനെ ദുരുപയോഗം ചെയ്താൽ അത് തടയും. അധികാരത്തിനു വേണ്ടി ഏതെങ്കിലും പാർട്ടിയെ കൂട്ടുപിടിക്കുക, അതിനായി മന്ത്രിസ്ഥാനം കൊടുക്കുക തുടങ്ങിയതിനു സിപിഎം എന്നും എതിരാണെന്നും ജയരാജൻ പറഞ്ഞു.
















