മനുഷ്യന്റെ ഉള്ളില്‍ അതിസൂക്ഷ്മമായ പരാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ശബ്ദം ഭാഷയുടെ രൂപത്തില്‍ ആദ്യം പ്രകടമാകുന്നത് മനസ്സിന്റെ പ്രകാരമായിട്ടാണ്. ഇത് ‘പശ്യന്തി’ എന്ന അവസ്ഥയില്‍ മനസ്സില്‍ നിന്നും വ്യത്യസ്തമായി അനുഭവപ്പെടുന്നില്ല. ‘മധ്യമം’ എന്ന അവസ്ഥയിലാവട്ടെ വ്യാകരണ ഘടനയോടുകൂടിയ ആശയരൂപത്തില്‍ വാചകന് ഉള്ളില്‍ ദൃശ്യമാകുന്നു. ഈ ആശയത്തെയാണ് വാചകന്‍ പ്രത്യക്ഷരൂപത്തിലുള്ള ‘വൈഖരി’ ശബ്ദത്തിലൂടെ പ്രകടമാക്കുന്നത്. ഇപ്രകാരം വാക്കും അതിന്റെ അര്‍ത്ഥമാകുന്ന ആശയവും പൂര്‍വ്വാവസ്ഥയില്‍ ഒന്നാകുന്നതിനാല്‍ അവ തമ്മിലുള്ള ബന്ധം നൈസര്‍ഗ്ഗികവും നിത്യവുമാണ്
വൈയ്യാകരണന്മാരുടെ ഏറെ വിവാദപരമായ ഒരു ഭാഷാ സിദ്ധാന്തമാണ് വാക്യപദീയം ബ്രഹ്‌മകാണ്ഡത്തിലെ ഇരുപത്തിമൂന്നാം കാരിക സമര്‍ത്ഥിക്കുന്നത്. അതായത് വാക്കും അതിന്റെ അര്‍ത്ഥവും അവ തമ്മിലുള്ള ബന്ധവും നിത്യങ്ങളാണ്:
നിത്യാഃ ശബ്ദാര്‍ത്ഥ സംബന്ധാഃ
തത്രാമ്നാതാ മഹര്‍ഷിഭിഃ
സൂത്രാണാം അനുതന്ത്രാണാം
ഭാഷ്യാണാം ച പ്രണേത്യഭിഃ
(ഭാഷാ സൂത്രങ്ങളുടെയും, അവയെ വിശദമാക്കിയ ഗ്രന്ഥങ്ങളുടെയും പ്രണേതാക്കളായ മഹര്‍ഷിമാരാല്‍ അരുള്‍ചെയ്യപ്പെട്ടിട്ടുള്ളത്, ശബ്ദവും അര്‍ത്ഥവും അവയുടെ സംബന്ധവും നിത്യങ്ങളാണ്)
ശബ്ദം, അര്‍ത്ഥം, ഇവ തമ്മിലുള്ള ബന്ധം എന്നിവ നിത്യങ്ങളാണെന്ന് സൂത്രരചയിതാവായ പാണിനിയും, സൂത്രങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ രചിച്ച കാത്യായനനും പതഞ്ജലിയും പറഞ്ഞിട്ടുള്ളത് ഭര്‍ത്തൃഹരിയും ഇവിടെ ആവര്‍ത്തിക്കുന്നു.
ശബ്ദവും അര്‍ത്ഥവും അവയുടെ സംബന്ധവും നിത്യങ്ങളാണെന്ന വൈയ്യാകരണന്മാരുടെ നിലപാട് അവരുടെ അടിസ്ഥാനപരമായ തത്ത്വചിന്തക്ക് അനുസൃതമാണ്. കാരണം പ്രമാണങ്ങളില്‍ വച്ച് ഏറ്റവും ആധികാരികതയുള്ളത് വേദവാക്യങ്ങള്‍ക്കാണ്. അവയാകട്ടെ അനിഷേധ്യ സത്യങ്ങളെയാണ് അര്‍ത്ഥമാക്കുന്നത്. ശബ്ദബ്രഹ്‌മമാണ് വേദവാക്യങ്ങളില്‍ പ്രകടമാകുന്നത്. അതിനാല്‍ ശ്രുതിശബ്ദങ്ങളിലടങ്ങുന്ന ജ്ഞാനം അഥവാ അര്‍ത്ഥം മാറ്റമില്ലാത്തതാണ്. നിത്യമായിട്ടുള്ള അര്‍ത്ഥത്തെ സൂചിപ്പിക്കുന്ന ശബ്ദങ്ങളും പൂര്‍വ്വനിശ്ചിതമാണ്. അതിനാല്‍ അത്തരം ശബ്ദങ്ങള്‍ക്കും മാറ്റമില്ല. ഇപ്രകാരമാണ് ശബ്ദവും അര്‍ത്ഥവും തമ്മിലുള്ള ബന്ധം നിത്യമാണെന്ന് ഭര്‍ത്തൃഹരി വാദിക്കുന്നത്.
ഭാരതീയ തത്ത്വജ്ഞാനികളില്‍വൈയ്യാകരണന്മാരെ കൂടാതെ പൂര്‍വ്വമീമാംസകരും ഇതേ സിദ്ധാന്തം സ്വീകരിച്ചിരുന്നു. പൂര്‍വ്വമീമാംസയുടെ സ്ഥാപകാചാര്യനായ ജൈമിനിയുടെ ദര്‍ശനമനുസരിച്ച് വേദങ്ങള്‍ അപൗരുഷേയമാണ്. അവ മനുഷ്യരോ ദേവന്മാരോ ഒന്നും സൃഷ്ടിച്ചതല്ല. വേദങ്ങളുടെ സാധുതയ്‌ക്കും ആധികാരികതയ്‌ക്കും കാരണം അവ സനാതനമായിട്ടുള്ള അറിവ് ഉള്‍ക്കൊള്ളുന്നതാണ്. ഈ അറിവ് സൃഷ്ടിക്ക് മുന്‍പേ ഉള്ളതുമാണ്. സൃഷ്ടിയിലും ഇത് അടങ്ങിയിട്ടുണ്ട്. നിത്യമായിട്ടുള്ള ഈ അറിവ് ജിതേന്ദ്രിയന്മാരായിട്ടുള്ള ഋഷികള്‍ ശ്രവിക്കുന്നുവെന്നു മാത്രം. വേദവിധികള്‍ നിത്യസത്യങ്ങളാകയാല്‍ അവയെ പ്രകടമാക്കുന്ന വാക്കുകളും അവയുടെ അര്‍ത്ഥങ്ങളും തമ്മിലുള്ള ബന്ധം സഹജമാണ്.
ഈ സിദ്ധാന്തത്തെ ഭാരതീയ ഭാഷാ ശാസ്ത്രകാരന്മാരില്‍ത്തന്നെ ന്യായം, വൈശേഷികം, ബുദ്ധമതം, ജൈനമതം എന്നിവയില്‍പ്പെടുന്നവര്‍ എതിര്‍ക്കുന്നുണ്ട്. അവരുടെ വാദമനുസരിച്ച് വാക്കും അര്‍ത്ഥവും ഒരു സമൂഹത്തില്‍ വ്യവഹാരത്തിനുവേണ്ടി വ്യവസ്ഥ ചെയ്യപ്പെട്ടതാണ്. ആശയവിനിമയത്തിനായി പൊതു സമ്മതപ്രകാരമുള്ള ഒരു സംവിധാനമാണ് ഭാഷ. അതിനാല്‍ വാക്കുകളുടെ അര്‍ത്ഥത്തിന് പ്രയോഗവശാല്‍ മാറ്റങ്ങള്‍ സംഭവിക്കാം. വാക്കും അര്‍ത്ഥവും തമ്മിലുള്ള ബന്ധം നിത്യമാണെന്ന സിദ്ധാന്തത്തെ പുരാതന ഭാരതീയ ഭാഷാശാസ്ത്രകന്മാര്‍ മാത്രമല്ല, ആധുനിക പാശ്ചാത്യഭാഷാ പണ്ഡിതന്മാരും വലിയ ചര്‍ച്ചാവിഷയമാക്കിയിട്ടുള്ളതാണ്. ഫെര്‍ഡിനന്റ് ദേ സൊസൂറിനെ കൂടാതെ പ്രസിദ്ധ ഓസ്ട്രോ – ബ്രിട്ടിഷ് ഭാഷാ തത്ത്വചിന്തകനായ ലുഡ്വിഗ് വിറ്റ്ഗന്‍സ്റ്റെന്‍, ഡബ്ല്യു.വി.ഒ. ക്വിന്‍ മുതലായവരും വാദിക്കുന്നത് വാക്കും അതിന്റെ അര്‍ത്ഥവും ഒരു സാമൂഹിക ഭാഷാ വ്യവസ്ഥയാണെന്നാണ്. സൊസൂറിന്റെ ഘടനാവാദം വൈയ്യാകരണന്മാരെ ആശ്രയിച്ചുള്ളതാണെങ്കിലും ഭാഷയും അര്‍ത്ഥവും സംബന്ധിച്ചുള്ള നിത്യതാവാദം സൊസൂര്‍ അംഗീകരിക്കുന്നില്ല. വാക്കും അതിന്റെ അര്‍ത്ഥവും തമ്മിലുള്ള ബന്ധം സ്വാഭാവികമോ അനിവാര്യമോ അല്ല. ഭാഷയുടെ ഉപയോഗമനുസരിച്ച് കാലക്രമേണ അതില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇപ്രകാരം സാമൂഹിക സമ്പ്രദായങ്ങളും സന്ദര്‍ഭങ്ങളും മാറുന്നതനുസരിച്ച് ഭാഷാപ്രയോഗവും മാറുന്നുവെന്നാണ് വിറ്റ്ഗന്‍സ്റ്റൈനും ക്വിനും വാദിക്കുന്നത്.
വൈയ്യാകരന്മാരുടെ ഭാഷാദര്‍ശനം ഈ വാദത്തെ നിരാകരിക്കുന്നതാണ്. ഇതിന് ഒന്നിലേറെ കാരണങ്ങള്‍ വാക്യപദീയം മുന്നോട്ടുവയ്‌ക്കുന്നു. ഒന്നാമതായി ശരിയായ ജ്ഞാനം നല്‍കുന്നത് വേദമാണെന്നും, അതിലെ ജ്ഞാനം അനശ്വരമാണെന്നും, അനശ്വരമായ ജ്ഞാനത്തെ സൂചിപ്പിക്കാന്‍ യോഗ്യമായ വാക്കുകള്‍ സൃഷ്ടിയോടൊപ്പം തന്നെ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നുവെന്നുമാണ്. ശബ്ദത്തിനും അര്‍ത്ഥത്തിനും തമ്മില്‍ വ്യവസ്ഥാപിതമായ ഒരു ബന്ധം അനാദികാലം മുതല്‍ ഉള്ളതാണ്. അത് ദര്‍ശിച്ച ഋഷികള്‍ ഗുരു-ശിഷ്യ പരമ്പരയിലൂടെ നിലനിര്‍ത്തിയതിനാല്‍ നമുക്കും ലഭ്യമാണ്. അത് ലഭിച്ച ഒരാള്‍ക്ക് മാത്രമേ ശബ്ദത്തില്‍ നിന്നും അര്‍ത്ഥം ബോധ്യപ്പെടുകയുള്ളു:
അനാദിം അവ്യവച്ഛിന്നാം
ശ്രുതിം ആഹുരകര്‍ത്തൃകാം
ശിഷ്ടൈര്‍ നിബധ്യമാനാ തു
ന വ്യവച്ഛിദ്യതേ സ്മൃതിഃ
(വേദം ആരംഭമില്ലാത്തതും ഒരാളാലും രചിക്കപ്പെടാത്തത്തും പാരമ്പര്യം അറ്റുപോകാത്തതുമാകുന്നു. സ്മൃതിയാവട്ടെ മഹത്തുക്കളാല്‍ രചിക്കപ്പെട്ടതാണെങ്കിലും വേദത്തെ അവലംബിക്കുന്നതിനാല്‍ ഈ പാരമ്പര്യത്തില്‍ നിന്നു വ്യതിചലിക്കുന്നില്ല)
വാക്കിന്റെ അര്‍ത്ഥം ആശയത്തിലൂടെ
ഒരു വാക്ക് ഉച്ചരിക്കപ്പെടുമ്പോള്‍ അതിലുള്ളത് വക്താവിന്റെ താല്പര്യമടങ്ങുന്ന ആശയമാണ്. ഇവിടെ വാക്കിന്റെ അര്‍ത്ഥം വക്താവിന്റെ മനസ്സിലെ ആശയമാണ്. ശ്രോതാവും ആശയമായിട്ടാണ് അര്‍ത്ഥം ഗ്രഹിക്കുന്നത്. ഒരു പ്രത്യേക വസ്തുവിനെ സൂചിപ്പിക്കുന്ന വാക്കിന്റെ കാര്യത്തില്‍ അതിന്റെ അര്‍ത്ഥം ആ വസ്തുവാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ വസ്തു ഒരിക്കലും വസ്തുവായിട്ട് ആരുടെയും മനസ്സില്‍ പ്രവേശിക്കുന്നില്ല. വസ്തുവിന്റെ പ്രതിബിംബമാണ് മനസ്സില്‍ ഉണ്ടാകുന്നത്. മനസ്സിലുണ്ടാകുന്ന ഈ പ്രതിരൂപം അഥവാ ആശയമാണ് വാക്കിന്റെ അര്‍ത്ഥം. അതിനാല്‍ വാക്കിന് ആശയത്തോടാണ് നേരിട്ടുള്ള ബന്ധം, വസ്തുവിനോടല്ല. ആശയം വസ്തു കാരണമുണ്ടാകുന്നതാണ്. അതിനാല്‍ വസ്തുവാണ് യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥഹേതു എന്നു വാദിക്കുന്നവരുണ്ട്. പക്ഷേ ഭര്‍ത്തൃഹരിയുടെ ദര്‍ശനത്തില്‍ ആശയത്തിന്റെയും വാക്കിന്റെയും ഉല്‍പ്പത്തി ബാഹ്യലോകത്തെ വസ്തുക്കളല്ല. മറിച്ച് മനുഷ്യരുടെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ശബ്ദബ്രഹ്‌മമാകുന്നു.
ഇപ്രകാരം വസ്തുവിന്റെ പ്രതിബിംബമാകുന്ന ആശയത്തെയാണ് വക്താവും ശ്രോതാവും തമ്മില്‍ വാക്കിലൂടെ വിനിമയം നടത്തുന്നത്. മാത്രമല്ല, ഒരു പ്രത്യേക വസ്തുവിനെ തിരിച്ചറിയണമെങ്കില്‍ പോലും അതിനെക്കുറിച്ചുള്ള സാമാന്യ ധാരണ മനസ്സില്‍ ഉണ്ടായിരിക്കണം. ഉദാഹരണത്തിന് ഒരു ജീവി ഏത് ഇനത്തില്‍പ്പെട്ടതാണെന്ന ധാരണയുണ്ടെങ്കില്‍ മാത്രമാണ് അതിനെ തിരിച്ചറിയാന്‍ സാധിക്കുന്നത്. സാമാന്യങ്ങളാകുന്ന വാക്കുകളുടെ (മാനവികത, മൃഗീയത തുടങ്ങിയവ) അര്‍ത്ഥം ഗ്രഹിക്കാന്‍ ആശയങ്ങള്‍ മാത്രമാണ് ആശ്രയം. കാരണം സാമാന്യ ഗുണങ്ങള്‍ ഇന്ദ്രിയ ഗോചാരമാകുന്നില്ല. അവ പ്രകടമാക്കുന്ന വ്യക്തികളും അവരുടെ പ്രവൃത്തികളും മാത്രമാണ് ഇന്ദ്രിയ വിഷയങ്ങളാകുന്നത്. ഇപ്രകാരം അമൂര്‍ത്തമായ ആശയങ്ങളിലൂടെയാണ് സ്ഥൂല വസ്തുക്കളെ ഗ്രഹിക്കുന്നത്. അതിനാല്‍ വസ്തുക്കളെ സൂചിപ്പിക്കുന്ന വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം ആശയങ്ങളാണ്. അതിനാലാണ് ശബ്ദാര്‍ത്ഥബന്ധം മുന്‍കൂട്ടി ധരിച്ചിട്ടില്ലാത്തവര്‍ക്ക് വിഷയം മനസ്സിലാകാത്തത്:
വിഷയത്വ മനാപന്നൈഃ
ശബ്ദൈഃ നാര്‍ത്ഥഃ പ്രകാശ്യതേ
നസത്തയൈവ തേ അര്‍ത്ഥാനാം
അഗൃഹീതാഃ പ്രകാശകാഃ -1.56
(ശബ്ദാര്‍ത്ഥ ബന്ധം നേരത്തെ ഗ്രഹിക്കപ്പെട്ടിട്ടില്ലാത്തവര്‍ക്ക് ശബ്ദങ്ങള്‍ അര്‍ത്ഥബോധകങ്ങളാകുന്നില്ല. ശബ്ദങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുമാത്രം അര്‍ത്ഥം ഗ്രഹിക്കപ്പെടുന്നില്ല)
വാക്കും ആശയവുംഒരേ സ്രോതസ്സും
പ്രത്യക്ഷത്തിലുള്ള വാക്ക് (വൈഖരി ശബ്ദം) അതിന്റെ അര്‍ത്ഥം പ്രകടമാകുന്നതിനു മുന്‍പ് സൂക്ഷ്മാവസ്ഥയില്‍ സ്ഥിതിചെയ്യുന്നു. ആ അവസ്ഥയില്‍ വാക്കും അതിന്റെ അര്‍ത്ഥവും ഒന്നായിട്ടാണ് വര്‍ത്തിക്കുന്നത്. ഒരാള്‍ വാക്കിലൂടെ അര്‍ത്ഥവിനിമയം നടത്തുന്ന പ്രക്രിയ ഇപ്രകാരമാണ് വാക്യപദീയം വെളിപ്പെടുത്തുന്നത്:
വൈഖര്യാ മദ്ധ്യമായാശ്ച
പശ്യന്ത്യാശ്ചൈ തദദ്ഭുതം
അനേക തീര്‍ത്ഥ ഭേദായാഃ
ത്രയ്യാ വാചഃ പരം പദം- 1.143
(പരാവസ്ഥയിലുള്ള വാക്സ്വരൂപം നാഭി, മനസ്സ്, കണ്ഠം മുതലായവസ്ഥാനങ്ങളിലൂടെ പശ്യന്തി, മദ്ധ്യാമാ എന്നീ സൂക്ഷ്മാവസ്ഥകള്‍ കടന്നാണ് വൈഖരിയാകുന്ന മൂന്നാമത്തെ അവസ്ഥ പ്രാപിക്കുന്നത്)
മനുഷ്യന്റെ ഉള്ളില്‍ അതിസൂക്ഷ്മമായ പരാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ശബ്ദം ഭാഷയുടെ രൂപത്തില്‍ ആദ്യം പ്രകടമാകുന്നത് മനസ്സിന്റെ പ്രകാരമായിട്ടാണ്. ഇത് ‘പശ്യന്തി’ എന്ന അവസ്ഥയില്‍ മനസ്സില്‍ നിന്നും വ്യത്യസ്തമായി അനുഭവപ്പെടുന്നില്ല. ‘മധ്യമം’ എന്ന അവസ്ഥയിലാവട്ടെ വ്യാകരണ ഘടനയോടുകൂടിയ ആശയരൂപത്തില്‍ വാചകന് ഉള്ളില്‍ ദൃശ്യമാകുന്നു. ഈ ആശയത്തെയാണ് വാചകന്‍ പ്രത്യക്ഷരൂപത്തിലുള്ള ‘വൈഖരി’ ശബ്ദത്തിലൂടെ പ്രകടമാക്കുന്നത്. ഇപ്രകാരം വാക്കും അതിന്റെ അര്‍ത്ഥമാകുന്ന ആശയവും പൂര്‍വ്വാവസ്ഥയില്‍ ഒന്നാകുന്നതിനാല്‍ അവ തമ്മിലുള്ള ബന്ധം നൈസര്‍ഗ്ഗികവും നിത്യവുമാണ്.
(തുടരും)











