ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ആദ്യടെസ്റ്റില്‍ കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്ത് ആണ് ഓസീസിനെ നയിച്ചത്. പുറംവേദനയെ തുടര്‍ന്ന് ജൂലൈ മുതല്‍ കമ്മിന്‍സ് ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
ചികിത്സകള്‍ പൂര്‍ത്തിയായെങ്കിലും പരിക്കിന്റെ പ്രശ്‌നങ്ങള്‍ തുടരുകയാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ടീമിനൊപ്പമെത്തി നെറ്റ്‌സ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. നിലവില്‍ ബ്രിസ്‌ബേനിലും നെറ്റ്‌സ് പരിശീലനം തുടരുന്നുണ്ട്. എന്നാല്‍ കളിക്കാന്‍ പ്രാപ്തമായിട്ടില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരത്തില്‍ നിന്നും വിട്ടു നിന്ന പേസ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വൂഡും പിങ്ക് ടെസ്റ്റില്‍ കളിക്കില്ലെന്ന് വ്യക്തമാക്കി. പ്രധാനപ്പെട്ട ഈ രണ്ട് പേസ് ബൗളര്‍മാര്‍ ഇല്ലാതെ പൊരുതിയാണ് ആദ്യ ടെസ്റ്റില്‍ ഓസീസ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.
വ്യാഴാഴ്‌ച്ച മുതല്‍ ബ്രിസ്‌ബേനിലെ ഗബ്ബയില്‍ രാത്രിയും പകലുമായി നടക്കുന്ന പിങ്ക് ടെസ്റ്റാണ് അരങ്ങേറുക. ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ ആഷസ് നടന്നപ്പോഴും ഒരു മത്സരം പിങ്ക് ടെസ്റ്റ് ആയിരുന്നു.















