തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് ലൈംഗികപീഡന പരാതി നല്‍കി യുവതി . തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി നല്‍കിയത്.
പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്‌സപ്പ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതായാണ് വിവരം.ഉച്ചയോടെ ആണ് യുവതി പരാതി നല്‍കിയത്.പുതിയ ശബ്ദരേഖ ഉള്‍പ്പടെ പുറത്തു വന്നതിനു പിന്നാലെയാണ് യുവതി നേരിട്ട് പരാതിയുമായി എത്തിയത്.
ലൈംഗിക ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.ആദ്യം ശബ്ദരേഖ പുറത്തു വന്നപ്പോള്‍ മുതല്‍ യുവതി മാനസിക സമ്മര്‍ദത്തിലായിരുന്നു.അധിക്ഷേപവും അക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയത്.
രാഹുലും പെണ്‍കുട്ടിയും തമ്മിലുള്ള ചാറ്റ് പുറത്ത് വന്നിരുന്നു. കുഞ്ഞിനെ വേണമെന്ന് രാഹുല്‍ പറയുന്ന ചാറ്റാണ് പുറത്ത് വന്നത്.പിന്നീട് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദരേഖയും പുറത്തു വന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്ത് വരികയുണ്ടായി. ഉയരുന്ന ആരോപണങ്ങളില്‍ രാഹുല്‍ നിരപരാധിയാണ് എന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.
നേരത്തേ ആരോപണം ഉയര്‍ന്നപ്പോള്‍ പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന പേരില്‍ രാഹുലിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ രാഹുലിനെതിരെ പരാതിയുമായി ആരും മുന്നോട്ട് വന്നിരുന്നില്ല.
















