എംബിഎ കഴിഞ്ഞ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കന്നിഅംഗത്തിനൊരുങ്ങുകയാണ് നവ്യ വിജയന്‍. വയനാട്ടിലെ അമ്പലവയല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കാരച്ചാലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് നവ്യ.
കക്ഷി രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ക്കിടയില്‍പ്പെട്ട് വികസനം മുരടിച്ചുപോകുന്ന ദുഃസ്ഥിതിക്ക് മാറ്റം വരണമെന്നാണ് യുവതലമുറയുടെ പ്രതിനിധിയായ നവ്യ പറയുന്നത്. വോട്ട് ചേര്‍ത്ത വര്‍ഷം തന്നെ സ്ഥാനാര്‍ത്ഥിയാകാനുള്ള അവസരം ലഭിച്ചപ്പോള്‍ അതിന് പൂര്‍ണസമ്മതം മൂളിയതില്‍ ഈ മാറ്റം ഉണ്ടാകണമെന്ന ആഗ്രഹത്താലാണ്. വയനാടിന്റെ പിന്നോക്കാവസ്ഥയും അടിസ്ഥാന ജനവിഭാഗത്തിന്റെ ദുരിതജീവിതവും നേരിട്ട് കണ്ടറിഞ്ഞ അനുഭവത്തില്‍ നിന്നാണ് തന്റെ രാഷ്‌ട്രീയ സമീപനം രൂപപ്പെടുത്തിയത്.
എറണാകുളം ശ്രീനാരായണ ഗുരുകുലം കോളജില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നവ്യ സ്ഥാനാര്‍ത്ഥിയാകുന്നത്. എബിവിപിയില്‍ സജീവമായിരുന്നു.
അച്ഛന്‍ കെ.സി. വിജയകുമാര്‍ ഇതേ വാര്‍ഡില്‍ 2015 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ബിജെപിയുടെ ബൂത്ത് പ്രസിഡന്റായിരുന്നു വിജയകുമാര്‍. നിസാര വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ നാടൊട്ടാകെ മാറുമ്പോള്‍ വയനാടും അമ്പലവയലും മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് നവ്യ.
എല്ലാ വോട്ടര്‍മാരേയും നേരിട്ടു കാണണം. ഇത്തവണ നേടും. പഞ്ചായത്തില്‍ എന്‍ഡിഎ മുന്നേറും, നവ്യ പറയുന്നു. അമ്മ രജനിയും ചേച്ചി കാവ്യയും പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുവതലമറയില്‍ അര്‍പ്പിച്ച പ്രതീക്ഷകളെ പ്രായോഗികമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഈ യുവ നേതാവ്.
















