കൊച്ചി: മുനമ്പത്തെ ഭൂവുടമകൾക്ക് കരമടയ്‌ക്കാൻ അനുമതി നൽകി ഹൈക്കോടതി. കരം അടയ്‌ക്കാൻ അനുമതി നൽകാമെന്ന് സർക്കാർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇത് മുഖവിലയ്‌ക്കെടുത്താണ് കോടതി നടപടി. മുനമ്പം നിവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. കേസിൽ അന്തിമ വിധി വരുന്നതു വരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിർദേശം.
വഖഫ് ബോർഡ് ഭൂമിയിൽ അവകാശം ഉന്നയിച്ചെന്ന പേരിൽ നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫിസർ തയാറാകുന്നില്ലെന്നും ഭൂസംരക്ഷണ സമിതി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുനമ്പത്തേത്ത് വഖഫ് സ്വത്തല്ലെന്നും ഹൈക്കോടതിയുടെ ഇടപെടലുണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വഖഫ് ബോർഡ് എതിർപ്പ് ഉന്നയിക്കുന്നതിനു ന്യായീകരണമില്ലെന്നും തങ്ങളുടെ സ്ഥലത്തിന്റെ നികുതി സ്വീകരിക്കാർ കലക്ടർ, തഹസിൽദാർ എന്നിവർക്കു നിർദേശം നൽകി ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു.
മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാൻ റവന്യു അധികൃതർക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ ഉൾപ്പെടെ ഹർജികളാണ് കോടതിയുടെ മുൻപാകെയുള്ളത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്നു ഭൂസംരക്ഷണ സമിതി ഉൾപ്പെടെ നൽകിയ ഹർജികൾ നേരത്തെ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജസ്റ്റിസ് സി.ജയചന്ദ്രൻ ഇന്ന് ഇക്കാര്യത്തിൽ ഇടക്കാല നിർദേശം നൽകിയത്.
















