തിരുവനന്തപുരം: കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നും 21,065 സ്ഥാനാര്‍ത്ഥികളാണ് എന്‍ഡിഎയുടേയും എന്‍ഡിഎ പിന്തുണയോടെയും മത്സര രംഗത്തുള്ളതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്.
19,871 സ്ഥാനാര്‍ത്ഥികളാണ് താമര ചിഹ്നത്തില്‍ കേരളത്തില്‍ മത്സരിക്കുന്നത്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന പാര്‍ട്ടി ബിജെപിയാണ്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ചിഹ്നം താമരയാണ്. 89.5 ശതമാനം സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭകളില്‍ 99 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ബ്ലോക്കില്‍ 93 ശതമാനം സീറ്റുകളിലും ബിജെപി എന്‍ഡിഎ സഖ്യം മത്സരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസിലും സിപിഎമ്മിലും വിമതശല്യം രൂക്ഷമാണ്. തിരുവനന്തപുരത്ത് തന്നെ ഏഴു വിമത സ്ഥാനാര്‍ത്ഥികളാണ് സിപിഎമ്മിലുള്ളത്. കോണ്‍ഗ്രസില്‍ അഞ്ചു വിമതര്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നു. എന്നാല്‍ എന്‍ഡിഎ ഒരു അച്ചടക്കമുള്ള മുന്നണിയെന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുരേഷ് പറഞ്ഞു.
















