തൊടുപുഴ: ഇടുക്കി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് അദീന ഭാരതി എന്ന അദീന ആന്‍ അലക്‌സ്. കരിങ്കുന്നം ഡിവിഷനിലേക്കാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി അദീന മത്സരിക്കുന്നത്. പതിനേഴാം വയസ്സില്‍ യുവമോര്‍ച്ച ജില്ലാകമ്മിറ്റിയംഗമായി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ സംസ്ഥാന സെക്രട്ടറി. അദീന സമരമുഖങ്ങളിലെ നായികയാണെങ്കിലും ഇത് കന്നിഅങ്കമാണ്. സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് കേന്ദ്രം നല്‍കുന്ന ആനുകൂല്യങ്ങള്‍ എല്ലാവരിലും എത്തിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് അദീന പറയുന്നു.
ഇടുക്കിയുടെ മലയോരപ്രദേശമായ കരിങ്കുന്നം ഡിവിഷനില്‍ ഏറെ ടൂറിസം, തൊഴില്‍, വ്യവസായ സാധ്യതകളുണ്ട്. നാടിന്റെ സമഗ്രവികസനം മുന്നില്‍ കാണുന്നു അദീന. ഭരണകക്ഷി രാഷ്‌ട്രീയതാത്പര്യത്തിനുവേണ്ടി തടഞ്ഞു നിര്‍ത്തുന്ന കേന്ദ്രത്തിന്റെ പല ആനുകൂല്യങ്ങളും താഴെത്തട്ടിലേക്ക് എത്താത്ത സ്ഥിതിയാണുള്ളത്. ഇതിനെല്ലാം പരിഹാരം കാണുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ചെറുപ്രായത്തില്‍ത്തന്നെ പാര്‍ട്ടി വിശ്വസിച്ച് ഏല്‍പ്പിച്ച ചുമതലയെ കാണുന്നത്.
മൂവാറ്റുപുഴ ലിറ്റില്‍ ഫ്‌ളവര്‍ എല്‍പി സ്‌കൂള്‍, മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ എസ്എന്‍ഡിപി സ്‌കൂള്‍, ചെറുതോണി കഞ്ഞിക്കുഴി എസ്എന്‍ഡിപി സ്‌കൂള്‍, കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മുട്ടം കല്ലാനിക്കല്‍ പരേതനായ അലക്സാണ് അച്ഛന്‍. അമ്മ: ജോളി. സഹോദരന്‍: ആദിത് ടോം അലക്‌സ്. സമരമുഖങ്ങളിലെ നിറ സാന്നിധ്യമായ അദീന സമ്മതിദായകരുടെ ഹൃദയം കവര്‍ന്ന് പ്രചരണ രംഗത്ത് മുന്നേറുകയാണ്.
















