ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയ്‌ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ പദവി എടുത്തു കളയാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ഫോടനവുമായി ബന്ധമില്ലെന്ന് അവകാശവാദവുമായി അല്‍ ഫലാഹ് സര്‍വകലാശാല വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
ദല്‍ഹി സ്‌ഫോടനം ആസൂത്രണം ചെയ്ത ഉമര്‍ നബി അടക്കമുള്ളവര്‍ അല്‍ ഫലാഹിലെ അദ്ധ്യാപകരാണ്. നിരവധി വിദ്യാര്‍ത്ഥികളും ജീവനക്കാരും ഇപ്പോഴും സംശയ നിഴലിലാണ്.
സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥി എന്‍ഐഎ തിരയുന്ന ഭീകരനാണ്. ഇവയുടെയെല്ലാം പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
അതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍ ഉമര്‍ നബി ജെയ്‌ഷെയും അല്‍ ഖ്വയ്ദയും അടക്കമുള്ള ഭീകരവാദ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തിയതായി എന്‍ഐഎ കണ്ടെത്തി. പാകിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഇയാളുടെ ബന്ധങ്ങള്‍ നീളുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആക്രമണത്തിനും ഉമറും സംഘവും പദ്ധതി തയാറാക്കി. ഇതിനായി പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായും ഉമര്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഖ്വാസിഗുണ്ടില്‍ ഒക്ടോബര്‍ 18 ന് കശ്മീരിലെ മറ്റ് ഭീകരവാദ ഗ്രൂപ്പുകളുമായി നബി ചര്‍ച്ച നടത്തി എന്നാണ് കണ്ടെത്തല്‍.
അന്‍സര്‍ ഗസ്വതുല്‍ ഹിന്ദ് എന്ന പേരിലാണ് ഇവര്‍ ഭീകരാക്രമണം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കുന്നതിനുള്ള ഗ്രൂപ്പിനെ വിശേിപ്പിച്ചിരുന്നത്.












