ജോഹന്നാസ്ബര്‍ഗ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപകമായതോടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനായി ആഗോള തലത്തില്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ മൂന്നാമത്തെ സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികത്വം മുന്നേറിയതോടെ ഇതിന്റെ ദുരുപയോഗം തടയുന്നതിനായി ആഗോളതലത്തില്‍ കരാര്‍ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ഡീപ്പ്‌ഫേക്കുകള്‍, കുറ്റകൃത്യങ്ങള്‍, ഭീകരവാദം എന്നിവയില്‍ എഐ ഉപയോഗിക്കുന്നതിനെതിരെ രാജ്യങ്ങള്‍ കര്‍ശന നടപടി കൈക്കൊള്ളണം, ജി20 യോട് മോദി ആവശ്യപ്പെട്ടു.
ജി 20 യോഗത്തോടനുബന്ധിച്ച് ഭാരതം- ബ്രസീല്‍- ദക്ഷിണാഫ്രിക്ക(ഐബിഎസ്എ) കൂട്ടായ്‌മയിലും പ്രധാനമന്ത്രി പങ്കെടുത്തു. ഉച്ചകോടിക്കിടെ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി, നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്, ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ തുടങ്ങിയവരുമായി മോദി ചര്‍ച്ച നടത്തി.
















