ന്യൂദല്‍ഹി : തീരുമാനമെടുക്കേണ്ട ബില്ലുകളില്‍ രാഷ്‌ട്രപതിക്ക് സമയ പരിധി നിശ്ചയിക്കാന്‍ ഭരണഘടന പ്രകാരം കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. ഓരോ തര്‍ക്കവും വ്യത്യസ്തമാണ്.കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്നും ജസ്റ്റിസ് ബി ആര്‍ ഗവായി വ്യക്തമാക്കി.
ഭരണഘടനയില്‍ വാക്കുകള്‍ ചേര്‍ക്കാന്‍ കോടതിക്ക് കഴിയില്ല. അതിനാല്‍ രാഷ്‌ട്രപതിക്കോ ഗവര്‍ണര്‍മാര്‍ക്കോ സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ല. എന്നിരുന്നാലും, ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്‌ക്കാന്‍ കഴിയില്ല.എന്നാല്‍ പ്രകടമായ കാലതാമസം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് പരിഹാരങ്ങള്‍ തേടാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നാണ് ഗവായ് ചുമതലയൊഴിഞ്ഞത്. അതിന് മുന്നോടിയായി നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിരമിച്ച ശേഷം ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് പറഞ്ഞു.
കൊളിജീയത്തിനെതിരെ പല ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍, സുതാര്യമായ സംവിധാനമാണിതെന്നും അദ്ദേഹം പറഞ്ഞു.തന്റെ കാലയളവില്‍ ഒരു വനിതാ ജഡ്ജിയെയും സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയാത്തതില്‍ ചീഫ് ജസ്റ്റിസ് ഗവായ് ഖേദം പ്രകടിപ്പിച്ചു. പരിഗണിക്കപ്പെടുന്ന വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കൊളീജിയത്തിന് സമവായത്തിലെത്താന്‍ കഴിഞ്ഞില്ല.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ വിഷയത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് ഗവായ് വിഷയം ഇപ്പോള്‍ ലോക്‌സഭാ അന്വേഷണ സമിതിയുടെ മുമ്പാകെയാണെന്ന് ചൂണ്ടിക്കാട്ടി.
















