വണ്ടൂര്‍: ഹയര്‍ സെക്കന്ററി വിഭാഗം നാടക മത്സരത്തില്‍ അരങ്ങ് കീഴടക്കുകയും നിരൂപകപ്രശംസ പിടിച്ചുപറ്റുകയും ചെയ്ത നാടകത്തിന് രണ്ടാം സ്ഥാനം. ചരിത്രകഥാപാത്രമായ ഇരവിയുടെ ജീവിതത്തെ ആസ്പദമാക്കി ഇരവി എന്ന പേരില്‍ തന്നെയായിരുന്നു നാടകം അരങ്ങേറിയത്. കൊളത്തൂര്‍ നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചരിത്ര പശ്ചാത്തലത്തില്‍ അവതരിപ്പിച്ച നാടകം പെണ്‍കരുത്തിന്റെയും ഭാരത സംസ്‌കൃതിയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും സന്ദേശം നല്‍കുന്നതാണ്. കലോത്സവ നാടക മത്സരത്തില്‍ മികച്ച നടനും നടിയും സൃഷ്ടിക്കപ്പെട്ട ഇരവി നാടകത്തെ തഴഞ്ഞ് നിലവാരമില്ലാത്തതും അശ്ലീല ഭാഷാപ്രയോഗങ്ങള്‍ നടത്തിയ നാടകത്തിനാണ് ഒന്നാം സ്ഥാനം നല്‍കിയത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധ ശക്തമാവുകയാണ്. വേദിയിയുടെ പിഴവും നാടകത്തിനായി തയ്യാറാക്കിയ രംഗോപകരണങ്ങള്‍ യഥാവിധം ക്രമീകരിക്കാന്‍ സൗകര്യം ലഭിക്കാതിരുന്നതും ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
ഒ.കെ. ജോണിയുടെ ചരിത്രഗ്രന്ഥത്തില്‍ രചിക്കപ്പെട്ട ഇരവി എന്ന വേടറാണിയുടെ ജീവിത കഥയാണ് നാടകമായി അരങ്ങേറിയത്. വയനാട്ടില്‍ കോട്ടയം കുറുമ്പനാട് രാജാക്കന്‍മാര്‍ വയനാടിനെ വിഭജിച്ച് ഭരിച്ചിരുന്ന കാലത്ത് പുറത്തുനിന്നുള്ളവര്‍ക്ക് കേറിച്ചെല്ലാന്‍ സാധിക്കാത്ത വേടരാജ്യമുണ്ടായിരുന്നു. വേടരാജ്യത്തുള്ളവര്‍ എല്ലാം പോരാളികളായിരുന്നു. ഇരവിയടക്കമുള്ള സ്ത്രീകള്‍ ആയുധവിദ്യ പരിശീലിച്ചവര്‍ ആയിരുന്നു. ഏത് വിധേനയും വേടരാജ്യത്തെ കീഴടക്കണമെന്ന വിചാരത്തോടെ കുമ്പഴ രാജ്യത്തിന്റെ സഹായത്തോടെ അവിടുത്തെ ഒരു രാജകുമാരനെ വേടവേഷം കെട്ടിച്ച് വേടരാജ്യത്തേക്ക് അയക്കുകയും ആദിവാസി വേഷത്തിലെത്തിയ രാജകുമാരനെ ഇരവി കാണുകയും രാജകുമാരനെ ആയോധനകലകള്‍ പഠിപ്പിക്കുകയും പിന്നീട് ഇവര്‍ പ്രണയത്തിലാകുകയും ചെയ്യുന്നു. ഇവരുടെ വിവാഹദിനം തന്നെ കോട്ടയം കുറുമ്പനാട് രാജാക്കന്‍മാര്‍ സംയുക്തമായി വേടരാജ്യത്തെ ആക്രമിക്കുന്നു. വിവാഹദിവസം ആയുധം കൈയ്യിലെടുക്കാത്ത വേടരാജ്യത്തെ തന്ത്രപൂര്‍വ്വം നശിപ്പിക്കുകയായിരുന്നു. എങ്ങനെയോ രക്ഷപ്പെട്ട ഇരവി പിന്നീട് ചുരമിറങ്ങി പ്രതികാരം ചെയ്യുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.
ഇരവിയുടെ വേഷം പകര്‍ന്നാടിയ അനാമികയായിരുന്നു മികച്ച നടി. ഒരേ വേദിയില്‍ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച കെ.കെ. മുഹമ്മദ് സിയാന്‍ മികച്ച നടനായും തെരെഞ്ഞെടുക്കപ്പെട്ടു. ഇരുവരും നാടകത്തിന്റെ കഥാപാത്ര പൂര്‍ണതയ്‌ക്കായി ഒന്നര വര്‍ഷത്തോളം കളരിപ്പയറ്റ് അഭ്യസിച്ചാണ് കഥാപാത്രങ്ങളെ വേദിയില്‍ അരങ്ങേറ്റിയത്. രചന ഹരിലാല്‍ ബത്തേരിയും സംവിധാനം ഷിഗില്‍ പരപ്പനങ്ങാടിയുമാണ് നിര്‍വ്വഹിച്ചത്.
ഭാരതീയ സംസ്‌കൃതിയെ അപമാനിക്കുകയും കേട്ടാല്‍ അറക്കുന്ന അശ്ലീല പദപ്രയോഗങ്ങളും ദേശവിരുദ്ധതയും കുത്തിനിറച്ച ‘വീരനാട്ട്യത്തിന്റെ വീരവാദം’ എന്ന നാടകത്തിനാണ് ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം നല്‍കിയത്. കോട്ടൂര്‍ എകെഎംഎച്ച്എസ്എസ് സ്‌കൂളിലെ കൂട്ടികളാണ് നാടകം അവതരിപ്പിച്ചത്. കേരളീയ കലകളിലുടേയും സംഗീത സാഹിത്യത്തിലൂടേയും സാംസ്‌ക്കാരി പെരുമ വിളിച്ചു പറയുന്ന വേദിയിലാണ് സംവിധായകന്‍ റഫിഖ് മംഗലശ്ശേരി ഇത്തരത്തിലൊരു നാടകം അവതരിപ്പിച്ചത്.











