ന്യൂദല്‍ഹി: വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ ഭാരതത്തിന് വലിയ ഇളവുകള്‍ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ വാണിജ്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസിയുടെ ഭാരത സന്ദര്‍ശനത്തിനിടെയാണ് രാജ്യത്ത് നിന്നുള്ള വ്യവസായികള്‍ക്കായി അഞ്ച് വര്‍ഷത്തെ നികുതി ഇളവ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.
അസംസ്‌കൃത വസ്തുക്കള്‍ക്കും യന്ത്രങ്ങള്‍ക്കും ഒരു ശതമാനം താരിഫ്, സൗജന്യ ഭൂമി, വൈദ്യുതി വിതരണം, നികുതി ഇളവുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പുതിയ ആനുകൂല്യങ്ങള്‍ അഫ്ഗാന്‍ മന്ത്രി ഭാരത വ്യവസായികള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇറാന്റെ ചബഹാര്‍ തുറമുഖം വഴിയുള്ള വ്യാപാരബന്ധം ശക്തമാക്കാന്‍ ഭാരതവും അഫ്ഗാനും തീരുമാനിച്ചിരുന്നു. ഇത് കൂടാതെ ഭാരതത്തില്‍ നിന്നുള്ള വ്യവസായികളോട് അഫ്ഗാനിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ആവശ്യപ്പെട്ടു. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഖനനം, തുണിത്തരങ്ങള്‍, ഊര്‍ജം, കൃഷി, സേവനങ്ങള്‍ എന്നീ മേഖലകളില്‍ രാജ്യത്ത് അഫ്ഗാനില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും അഭ്യര്‍ത്ഥിച്ചു.
അടുത്തിടെ പാക് – അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും ഇടിവ് വന്നു. ഇതോടെ പാകിസ്ഥാനുമായുള്ള വ്യാപാര ബന്ധങ്ങളും അഫ്ഗാന്‍ അവസാനിപ്പിക്കുകയായിരുന്നു.












