ന്യൂയോര്‍ക്ക്: 350 ശതമാനം തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടുംഅവകാശപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഫോണില്‍ വിളിച്ച് ഞങ്ങള്‍ യുദ്ധത്തിലേക്ക് കടക്കുന്നില്ല എന്ന് പറഞ്ഞുവെന്നും ട്രംപ്. ഓവല്‍ ഓഫീസില്‍ സൗദി കിരീടാവകാശിയുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്‌ക്കിടെയാണ് ട്രംപിന്റെ അവകാശവാദം.
ഇന്ത്യയും പാക്കിസ്ഥാനും ആണവായുധങ്ങള്‍ ഉപയോഗിച്ച് പരസ്പരം ആക്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളോടും താന്‍ പറഞ്ഞത്, യുദ്ധം ചെയ്യാമെങ്കില്‍ ചെയ്യാം, എന്നാല്‍ 350% തീരുവ ചുമത്തും എന്നും അമേരിക്കയുമായി വ്യാപാരം അവസാനിപ്പിക്കുമെന്നുമാണ്. ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ച്, ‘ഞങ്ങള്‍ യുദ്ധം നിര്‍ത്തി’ എന്ന് പറയുകയായിരുന്നു.
ദശലക്ഷക്കണക്കിന് ആളുകളെ രക്ഷിച്ചതിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് തന്നെ വിളിച്ച് നന്ദി അറിയിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഈ യുദ്ധങ്ങളെല്ലാം പരിഹരിക്കാന്‍ ഞാന്‍ താരിഫുകളെയാണ് മുന്നില്‍ നിര്‍ത്തിയത്. എല്ലാം അല്ല. എട്ടില്‍ അഞ്ചെണ്ണം അങ്ങനെ തീര്‍ന്നു. സാമ്പത്തികം, വ്യാപാരം, താരിഫ് എന്നിവ കാരണം തീര്‍ത്തു. ഇനി, മറ്റൊരു പ്രസിഡന്റും അങ്ങനെ ചെയ്യാന്‍ സാധ്യതയില്ലെന്നും ട്രംപ് പറഞ്ഞു.
















