തിരുവനന്തപുരം: സംസ്ഥാനത്ത് ബി എൽ ഒമാരുടെ പ്രവർത്തനം തടസപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. മലപ്പുറത്തും ഇടുക്കിയിലും ബിഎൽഒമാരുടെ ജോലി തടസപ്പെടുത്താൻ ശ്രമം ഉണ്ടായി. ഇങ്ങനെ തടസമുണ്ടാക്കുന്നവർ 10 വർഷം വരെ തടവ് ലഭിക്കുന്ന ശിക്ഷയാണ് ലഭിക്കുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബിഎൽഒമാർക്ക് പ്രയാസം ഉണ്ടെങ്കിൽ സഹായിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ കൂട്ടിച്ചേർത്തു. ബിഎൽഒമാരുടെ പ്രവർത്തന മികവ് കൊണ്ടാണ് എസ്ഐആർ പൂർത്തിയാക്കാൻ സാധിക്കുന്നത്. ഭരണഘടനാ പോസ്റ്റാണ് ബിഎൽഒമാർക്ക് നൽകിയിട്ടുള്ളത്. ഒരാളെ ഒരു പ്രാവശ്യം നിയമിച്ചാൽ മുഴുവൻ നിയന്ത്രണവും ഇലക്ഷൻ കമ്മീഷനാണ്.
നിയമപ്രകാരമാണ് എല്ലാ നടപടികളും നടക്കുന്നത്. ഇത് പ്രകാരം ജോലിയിൽ വിട്ട് വീഴ്ച ഉണ്ടാകാൻ പാടില്ല. എന്യൂമറേഷൻ ഫോം ആദ്യഘട്ടം പൂർത്തിയാകുന്നു. ഇതുവരെ 97% കൂടുതൽ ഫോം വിതരണം ചെയ്തു. ഫോം വിതരണം ബാക്കിയുള്ളത് നഗര പ്രദേശങ്ങളിലാണ്. ബിഎൽഒമാർ ഫോം തിരികെ വാങ്ങുന്നതാണ് അടുത്ത നടപടിയെന്നും രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി. ബൂത്ത് ലെവൽ അടിസ്ഥാനത്തിൽ ക്യാംപ് പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ അഞ്ച് ലക്ഷത്തോളം ഫോമുകൾ ഡിജിറ്റലാക്കി മാറ്റാൻ സാധിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
സൈബർ ഇടങ്ങളിലും ബിഎൽഒമാർക്ക് നേരെ ആക്രമണം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിലും ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ബിഎൽഒ-ബിഎൽഎമാരുടെ യോഗം ചേരും. രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളെയും കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു.
















