കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലും മലയാളഭാഷയുടെ സാഹിത്യ ചരിത്രത്തിലും നാഴികക്കല്ലായി മാറിയ അപൂര്‍വ്വ വ്യക്തിത്വമാണ് രാമവര്‍മ്മ അപ്പന്‍ തമ്പുരാന്റേത്. സാഹിത്യം, സംഗീതം, നാട്യകല, ചിത്രമെഴുത്ത്, സാഹിത്യനിരൂപണം, അച്ചടി, പത്രാധിപത്യം, പുസ്തക പ്രസിദ്ധീകരണം വിദ്യാഭ്യാസ പ്രവര്‍ത്തനം, നാടകാവതരണം, സിനിമാ നിര്‍മാണം, തൊഴില്‍ ശാലകളുടെ പ്രവര്‍ത്തനം എന്നിങ്ങനെ അദ്ദേഹം കൈവയ്‌ക്കാത്ത ഒരു മേഖലയും അന്ന് മലയാളത്തിലുണ്ടായിരുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ കര്‍മ്മയോഗി തന്നെ. രാജാക്കന്മാരുടെ കൂട്ടത്തിലെ എഴുത്തുകാരന്‍, എഴുത്തുകാരുടെ കൂട്ടത്തിലെ രാജാവ്. അദ്ദേഹത്തിന്റെ 84ാം ചരമദിനമാണ് ഇന്ന്.
കൊച്ചി രാജവംശത്തിലെ പ്രസിദ്ധ കവയിത്രിയും സംഗീതവിദുഷിയുമായിരുന്ന കൊച്ചിക്കാവ് തമ്പുരാട്ടിയുടെയും പാഴൂര്‍ തുപ്പന്‍ നമ്പൂതിരിയുടെയും അഞ്ചാമത്തെ പുത്രനായി 1875ല്‍ തൃപ്പൂണിത്തുറയിലായിരുന്നു ജനനം. തൃപ്പൂണിത്തുറയിലെ ശേഷാചാര്യ പാഠശാലയില്‍ ചേര്‍ന്ന് സംസ്‌കൃതവും പിന്നീട് റോബര്‍ട്ട് വൈറ്റ് എന്ന സായിപ്പില്‍ നിന്ന് ഇംഗ്ലീഷും പഠിച്ചു. വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥാക്ഷരം എന്നിവ വായിക്കാന്‍ കൗമാരത്തില്‍ നേടിയ പ്രാവീണ്യം ചരിത്ര ഗവേഷണത്തില്‍ സഹായകമായി. ഗണിതം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നിവ ഐച്ഛിക വിഷയങ്ങളായി 1897 ല്‍ മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്ന് ഇന്റര്‍ മീഡിയറ്റ് പാസായി. മലയാളത്തിലെ ആദ്യകാല ശാസ്ത്ര ലേഖകന്മാരില്‍ ഒരാളായിരുന്നു.
പത്രാധിപര്‍
ഭാഷാപോഷണത്തിനും സാഹിത്യ പോഷണത്തിനും അപ്പന്‍ തമ്പുരാന്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് പത്രാധിപര്‍ എന്ന നിലയ്‌ക്കുള്ള പ്രവര്‍ത്തനങ്ങള്‍. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പത്രാധിപത്യത്തില്‍ അപ്പന്‍ തമ്പുരാന്‍ സഹപത്രാധിപരായി 1902ല്‍ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. കുട്ടമശ്ശേരി വിഷ്ണു നമ്പൂതിരിപ്പാടായിരുന്നു മാനേജര്‍. മലയാളഭാഷയ്‌ക്കും സാഹിത്യത്തിനും വിലമതിക്കാനാകാത്ത അനേകം ഗ്രന്ഥങ്ങള്‍ രസികരഞ്ജിനിയിലൂടെ വെളിച്ചംകണ്ടു. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തെപ്പറ്റി സാധാരണ മലയാളി മനസ്സിലാക്കിയത് രസിക രഞ്ജിനിയിലൂടെയാണ്. ഉണ്ണുനീലി സന്ദേശം കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ഈ മാസികയിലാണ്. ‘ഒരു ദുര്‍മ്മരണം’ എന്ന പേരില്‍ അപ്പന്‍ തമ്പുരാന്‍ രചിച്ച് രസികരഞ്ജിനിയില്‍ പ്രസിദ്ധീകരിച്ച നീണ്ട കഥയാണ് മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ ‘ഭാസ്‌കരമേനോ ‘ന്റെ ആദ്യരൂപം.
അപ്പന്‍ തമ്പുരാന്റെ കാര്‍മികത്വത്തില്‍ നടന്ന മറ്റൊരു മാസികയായിരുന്നു യോഗക്ഷേമസഭയുടെ മുഖപത്രമായിരുന്ന മംഗളോദയം. ഇതിന്റെ പത്രാധിപര്‍ ചെറുകുന്നത്തു നീലകണ്ഠന്‍ നമ്പൂതിരി ആയിരുന്നെങ്കിലും മാസിക പ്രവര്‍ത്തനത്തിന്റെ പിന്നിലെ പ്രധാന ശക്തികള്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും അപ്പന്‍ തമ്പുരാനുമൊക്കെയായിരുന്നു. കേരളത്തിലെ പല കൊട്ടാരങ്ങളിലെയും തറവാടുകളിലെയും ഗ്രന്ഥപ്പുരകളില്‍ നിന്ന് കണ്ടെടുത്ത പല അമൂല്യ ഗ്രന്ഥങ്ങളും ലഘു വ്യാഖ്യാനങ്ങളോടെ മംഗളോദയത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതില്‍ പ്രധാനപ്പെട്ടതാണ് അപ്പന്‍ തമ്പുരാന്റെ വ്യാഖ്യാനത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട ലീലാതിലകം. പ്രാചീന ഗ്രന്ഥങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ പ്രാചീന ഗ്രന്ഥശാല എന്നരു പ്രസിദ്ധീകരണ പരമ്പര ആരംഭിച്ചു.
ക്ഷേത്ര പുനരുദ്ധാരകന്‍
തമ്പുരാന്റെ ജീവിതത്തിലെ പ്രധാന സംഭവമായിരുന്നു അദ്ദേഹം താമസിച്ചിരുന്ന കോവിലക വളപ്പില്‍ കണ്ടെത്തിയ ക്ഷേത്രാവശിഷ്ടവും അതിന്റെ ജീര്‍ണോദ്ധാരണവും. അദ്ദേഹം പതിവായി കുളിച്ചിരുന്ന കോവിലക വളപ്പിലെ കുളത്തിനരികില്‍ നിന്ന് ക്ഷേത്രത്തിന്റേതെന്ന് തോന്നിക്കുന്ന ചില കല്ലുകള്‍ കിട്ടി. അന്വേഷണത്തില്‍, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട കിഴക്കിനിടത്തു മനയുടെ വകയായ തിരുവാണത്തു ക്ഷേത്രത്തിന്റെ അവശിഷ്ടഡമായിരുന്നു അതെന്നും മനസ്സിലായി. നവീകരണത്തിനു സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ച ധനസഹായം കിട്ടാതെ വന്നപ്പോള്‍ സ്വന്തം ചെലവില്‍ത്തന്നെ അതു നടത്തി. അപ്പന്‍ തമ്പുരാന്റെ മരണംവരെ തിരുവാണത്ത് ക്ഷേത്രസംബന്ധമായ സകല ചെലവുകളും സ്വന്തം കയ്യില്‍ നിന്നാണ് വഹിച്ചിരുന്നത്. ക്ഷേത്രോത്സവത്തിന്റെ ചെലവ് അദ്ദേഹം കണ്ടെത്തിയത്, സര്‍വകലാശാല പരീക്ഷകള്‍ക്കും ഐസിഎസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കും അദ്ദേഹം തയ്യാറാക്കിയ ചോദ്യക്കടലാസിനും അവയുടെ മൂല്യനിര്‍ണയത്തിനുമായി കൊല്ലം തോറും ലഭിച്ചിരുന്ന പ്രതിഫലത്തില്‍നിന്നായിരുന്നു. 1906ല്‍ തൃശ്ശൂരില്‍ സ്ഥിരതാമസമാക്കി. വിദ്യാഭ്യാസ രംഗത്തെ മികച്ച സേവനങ്ങളിലൊന്നാണ് തൃശ്ശൂരിലെ പ്രശസ്ത വിദ്യാലയമായ വിവേകോദയം സ്‌കൂള്‍. 1913ല്‍ കൊച്ചിയില്‍ ഗവണ്‍മെന്റ് ഭാഷാ പരിഷ്‌കരണ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അധ്യക്ഷനായി നിയമിതനായത് അപ്പന്‍ തമ്പുരാനായിരുന്നു.
നോവലിസ്റ്റ്
ഭൂതരായര്‍, ഭാസ്‌കരമേനോന്‍ എന്നിങ്ങനെ രണ്ട് നോവലുകള്‍ അപ്പന്‍തമ്പുരാന്‍ രചിച്ചിട്ടുണ്ട്. കേരളത്തിന്റെ ചരിത്രവും തന്റെ മനോധര്‍മ്മവും ഇടകലര്‍ത്തി പൗരാണികമായ കേരളീയാന്തരീക്ഷം, പഴയ ആചാര വിശ്വാസങ്ങള്‍. ഭാഷ എന്നി ഘടകങ്ങള്‍ ചേര്‍ത്ത് രചിച്ചിട്ടുള്ള നോവലാണ് ഭൂതരായര്‍ (1923). രണ്ടാമത്തെ നോവലായ ഭാസ്‌കരമേനോന്‍ മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലാണ്. ബി.വി. ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച ഈ നോവലിന്റെ പകര്‍പ്പവകാശം ലഭിച്ചത് തിരുവനന്തപുരത്തെ പ്രസിദ്ധ പ്രസാധകനായിരുന്ന കെ.എസ്. രാമന്‍ മേനോനാണ്. അനേകം കോപ്പികള്‍ വിറ്റഴിഞ്ഞ ഈ ഒരു നോവലിലൂടെ രാമന്‍ മേനോന്‍ സമ്പന്നനായി എന്നാണ് ചരിത്രം. തനിക്ക് കിട്ടിയതില്‍ ഒരു പങ്ക് റോയല്‍റ്റി എന്ന നിലയില്‍ അപ്പന്‍ തമ്പുരാന് തിരുമുല്‍ക്കാഴ്ച സമര്‍പ്പിച്ചെങ്കിലും സാഹിത്യത്തില്‍ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ താല്‍പര്യപ്പെടാത്ത തമ്പുരാന്‍ അത് സ്വീകരിച്ചില്ല. കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ അടുത്ത തവണ വരുമ്പോള്‍ തെക്കന്‍ ദിക്കില്‍ സുലഭമായി കിട്ടുന്ന രണ്ടു മെത്തപ്പായ കൊണ്ടുവന്നാല്‍ മതി എന്ന് രാമന്‍ മേനോനോട് പറഞ്ഞുവത്രേ.
സാധാരണക്കാരന്‍
സമ്പത്തിനോടും രാജകീയ സുഖസൗകര്യങ്ങളോടും അധികാരങ്ങളോടും എന്നും മുഖം തിരിച്ച തമ്പുരാന്‍ സാധാരണക്കാര്‍ക്കിടയിലാണ് ജീവിച്ചത്. 99ലെ (1924) വെള്ളപ്പൊക്കക്കാലത്ത് തമ്പുരാന്‍ നിര്‍വഹിച്ച സാമൂഹിക പ്രവര്‍ത്തനം അതിനുദാഹരണമാണ്. ദുരിതബാധിതരെ സഹായിക്കാന്‍ ശ്രീരാമകൃഷ്ണമിഷന്‍ പണം കൊടുത്ത് വിവേകോദയം സ്‌കൂളധികാരികളെ ചുമതലപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തമ്പുരാനാണ്. വീടുണ്ടാക്കാനുള്ള ഓലയും മുളയും സംഭാവനയായി കിട്ടിയത് നഗരമധ്യത്തില്‍ തേക്കുംകാടു മൈതാനത്തില്‍ കൂട്ടിയിട്ടിരുന്നത് ആറേഴു നാഴിക ദൂരത്തേക്ക് എത്തിക്കുക എന്നത് പ്രശ്‌നമായി. മറ്റുള്ളവര്‍ സംശയിച്ചു നിന്നപ്പോള്‍ കുറെ ഓലയും മുളയും ഒരു കൈവണ്ടിയില്‍ കയറ്റി തമ്പുരാന്‍ തന്നെ വലിച്ചു കൊണ്ടുപോയി. അതോടെ മറ്റുള്ളവരും കൂടെ ചേര്‍ന്നു.
തൃശ്ശൂര്‍ക്ക് താമസം മാറ്റിയപ്പോള്‍ പണിത കെട്ടിടം അന്നത്തെ നിലയ്‌ക്ക് പുതുമയേറിയതായിരുന്നു. എട്ടുകെട്ടോ നാലുകെട്ടോ പണിയുകയും അതിന്റെ ഒരു ഭാഗം മാളികയായി ഉയര്‍ത്തുകയും ചെയ്യുന്ന സമ്പ്രദായത്തില്‍ നിന്നു വിഭിന്നമായി ഒരു ബംഗ്ലാവാണ് തമ്പുരാന്‍ പണി കഴിപ്പിച്ചത്. അയ്യന്തോളില്‍ പണിയിച്ച കുമാരമന്ദിരം എന്ന ബംഗ്ളാവ് ഇന്ന് കേരള സാഹിത്യ അക്കാദമിയുടെ മാസിക ശേഖരം ഉള്‍ക്കൊള്ളുന്ന അപ്പന്‍ തമ്പുരാന്‍ സ്മാരകമായി നിലനില്‍ക്കുന്നു. പണിയെടുക്കാന്‍ വയ്യാതായാലും ഭൃത്യരെ പിരിച്ചയയ്‌ക്കുന്ന പതിവ് അവിടെയുണ്ടായിരുന്നില്ല. ഒരു നിശ്ചിത തുക പ്രതിമാസം അവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ തമ്പുരാന്‍ ചട്ടം കെട്ടിയിരുന്നു. ഈ തുക അവര്‍ക്ക് നല്‍കിയിരുന്ന ശമ്പളത്തിലും അധികമായിരുന്നുതാനും!
കേരളാ സിനിടോണ്‍
ഭാരതത്തില്‍ സിനിമാ വ്യവസായം ശൈശവാവസ്ഥയിലായിരുന്ന കാലത്ത് അതിലേക്കും തമ്പുരാന്റെ ശ്രദ്ധ തിരിഞ്ഞു. കേരള സിനിടോണ്‍ എന്നൊരു കമ്പനി സ്ഥാപിക്കുകയും തന്റെ ഭൂതരായര്‍ എന്ന നോവലിന് അദ്ദേഹം തന്നെ രംഗപാഠം നല്‍കി ബാലന്‍ എന്ന സിനിമയെടുക്കാന്‍ എത്തിയ നൊട്ടാണി എന്ന ഉത്തരേന്ത്യക്കാരനെ സംവിധാന ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. കേരളത്തിലെ ആദ്യ സിനിമാ നിര്‍മാണ കമ്പനിയായിരുന്നു 1929ല്‍ ആരംഭിച്ച കേരള സിനി ടോണ്‍. പണം നല്‍കാമെന്നേറ്റിരുന്നവര്‍ അവസാന നിമിഷം പിന്മാറിയതോടെ ഭൂതരായര്‍ എന്ന സിനിമ യാഥാര്‍ത്ഥ്യമായില്ല.
ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ കടുത്ത പ്രമേഹബാധിതനായിരുന്നു അദ്ദേഹം. 1941ന്റെ ആരംഭത്തോടെ രോഗം മൂര്‍ച്ഛിക്കുകയും 1941 നവംബര്‍ 19ന് പുലര്‍ച്ചെ തമ്പുരാന്‍ ഈ ലോകത്തോട് വിട പറയുകയും ചെയ്തു.











