പാലക്കാട് : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് കെഎസ്യു.തൃത്താല നിയോജകമണ്ഡലത്തില്‍ ഒരിടത്തും കെഎസ്യുവിനെ പരിഗണിക്കാത്തതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതാണ് സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സംഘടന തീരുമാനിക്കാന്‍ കാരണം.
കെഎസ്യു പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സി.എ. റംഷാദ്, തിരുമിറ്റക്കോട് ബ്ലോക്ക് സെക്രട്ടറി അസ്ലം പൂക്കരത്ത് എന്നിവരാണ് മത്സരിക്കാനൊരുങ്ങുന്നത്.പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണ് നേത്യത്വം പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.
ഗ്രൂപ്പും പണവുമുള്ള ആളുകള്‍ക്കായി സീറ്റുകള്‍ വീതം വയ്‌ക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുളളത്. സീറ്റ് മോഹിച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും എന്നാല്‍ ഇവിടെ നടക്കുന്ന നീതികേട് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ തുറന്നുകാണിക്കാനാണ് ശ്രമിക്കുന്നതെന്നും പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സി.എ. റംഷാദ് പറഞ്ഞു. നിയോജക മണ്ഡലം കമ്മിറ്റി കോര്‍ കമ്മിറ്റി വിളിച്ചില്ലെന്ന് ആരോപണം ഉണ്ട്. കഴിഞ്ഞ ദിവസമായിരുന്നു തൃത്താല നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
















