കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് കോഴിക്കോട് കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വിഎം വിനു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിഎം വിനു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
അതിനിടെ , വി എം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ സ്ഥിരീകരിച്ചു. അവസരമുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്താന്‍ വി എം വിനു തുനിഞ്ഞില്ലെന്നും എ ആര്‍ ഒ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും.
ഇതോടെ വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് വെട്ടിലായി.
വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഈ പരാതി പ്രകാരം എ ആര്‍ ഒ നടത്തിയ പരിശോധനയിലാണ് വി എം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്.
എന്നാല്‍ വി എം വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്നും വോട്ട് ചോരിയാണ് നടക്കുന്നതെന്നും ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്.
















