”നേരം പൂത്തുവിരിഞ്ഞിടുന്നു,
കുളിരുംചൂടിപ്പുതച്ചെത്തുമീ-
യീറന്‍ കാറ്റിതു മൂളിടുന്നു
ശരണാമോദാര്‍ത്ഥമന്ത്രാക്ഷരം
ഓരം ചേര്‍ന്നിളകുന്നു, മുള്ളു നിറയും
കൈതോലയുംകുഞ്ഞുനീ-
രോളത്തോടൊരുമിച്ചുതാളമിടലാ-
ണോങ്കാര നാദത്തിനും”
(പുലരും മുമ്പേ പുഴയിലേക്കാണ്, പുലര്‍മഞ്ഞിന്റെ കുളിര്, മന്ദമായും ചെറുകരുത്തോടെയും വലയ്‌ക്കും കാറ്റും ഒരു പുതപ്പ് പുതച്ച പോലെയുണ്ടാവും. ആ കാറ്റും മുളുന്നത് ശരണ മന്ത്രമായിരിക്കും! പുഴയോരത്ത് നില്‍ക്കുന്ന, ഓളത്തിന്റെ താളത്തില്‍ ഇളകുന്ന മുള്ളു നിറഞ്ഞ കൈതോലത്തഴപ്പുകളും ആ ശരണമന്ത്ര ഓങ്കാരത്തിന് താളം പിടിക്കുന്നതുപോലെ തോന്നും അവയുടെ ഇളക്കം കണ്ടാല്‍. സര്‍വത്തിലും സ്വാമിയെക്കാണുന്ന സര്‍വവും സ്വാമിയായി മാറുന്ന കാലമാണല്ലോ മണ്ഡലകാലം.)
















