ന്യൂഡൽഹി: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് സുപ്രീം കോടതി ജാമ്യം നൽകിയില്ല. ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നും സുപ്രീം കോടതി ചോദിച്ചു. സാക്ഷി മൊഴികൾ കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്നും കോടതി ആവശ്യപ്പെട്ടു. 15 ദിവസത്തിനുള്ളിൽ സാക്ഷി മൊഴിയടക്കം എല്ലാ രേഖകളും ഹാജരാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കേസ് പരിഗണിക്കാനായി വീണ്ടും മാറ്റി.
ഗാലറിക്കു വേണ്ടിയുള്ള ആരോപണങ്ങളാണ് കെ കെ രമ എംഎല്‍എ ഉന്നയിക്കുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതിനിടെ സര്‍ക്കാര്‍ അഭിഭാഷകനായ പി.വി. ദിനേശും കെ.കെ. രമയുടെ അഭിഭാഷകനായ ആര്‍. ബസന്തും തമ്മില്‍ വാക്കേറ്റമുണ്ടായി. സര്‍ക്കാരും പ്രതികളും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന ആര്‍ ബസന്ത് വാദം ഉന്നയിച്ചതോടെയാണ് പരസ്പര ആരോപണങ്ങളുയര്‍ന്നത്. ഇതിന് മറുപടിയായി പരാതിക്കാരിയ്‌ക്ക് അനുകൂലമായി നില്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പി.വി. ദിനേശ് പറഞ്ഞു. ഒടുവില്‍ ജസ്റ്റിസ് സജ്ജയ് കരോള്‍ ഇടപെടുകയായിരുന്നു.
ടി.പി. വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ഇടയ്‌ക്കിടെ ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് കെ കെ രമ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേർക്ക് ആയിരം ദിവസത്തിലധികം പരോൾ അനുവദിച്ചു. ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രൻ 1081 ദിവസം പരോളിൽ കഴിഞ്ഞെന്നും രമ ചൂണ്ടിക്കാട്ടി. ആറാം പ്രതി സിജിത്ത് 1078 ദിവസവും രണ്ടാം പ്രതി മനോജ് 1068 ദിവസവും നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും പരോളിൽ കഴിഞ്ഞു. ഏഴാം പ്രതി ഷിനോജിന് ലഭിച്ചത് 925 ദിവസത്തെ പരോൾ ലഭിച്ചെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2012 മെയ് നാലിനാണ് ആർഎംപി നേതാവായ ടി.പി.ചന്ദ്രശേഖരൻ കോഴിക്കോട് വടകര ഒഞ്ചിയത്തിനടുത്ത് വളളിക്കാട് വച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ 2014 ജനുവരി 22 ന് 12 പേരെ കുറ്റക്കാരെന്ന് കണ്ടെത്തുകയും ഇവരെ 23 ന് കോഴിക്കോട് ഇരഞ്ഞിപാലം സെപ്ഷ്യൽ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.
സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തൻ, കുന്നമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ സി രാമചന്ദ്രൻ,, കടുങാപൊയിൽ ബ്രാഞ്ച് അംഗം മനോജ് എന്ന ട്രൗസർ മനോജ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രധാനപ്പെട്ട സിപി എമ്മിന്രെ പ്രാദേശിക നേതാക്കൾ. സിപി എമ്മിൽ നിന്നും വിട്ട് പുതിയ പാർട്ടി രൂപീകരിച്ച വിമത നേതാവിനെ ക്രിമിനൽ ഗൂഢോലചന നടത്തി കൊലപ്പെടുത്തി എന്നാണ് കേസ്.
വൃക്ക സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ പ്രതി ജ്യോതിബാബു കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കെ കെ രമയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും മറുപടി സുപ്രീംകോടതി തേടിയിരുന്നു.
















