പൗരുഷത്വത്തിന്റെ ആള്‍രൂപമായി വ്യത്യസ്തവും, തിളക്കവുമാര്‍ന്ന അഭിനയ ശൈലി കാഴ്‌ച്ചവെച്ച്, കാലത്തിന്റെ കുത്തൊഴുക്കില്‍ ചമയങ്ങളില്ലാത്ത ലോകത്തേയ്‌ക്ക് മറഞ്ഞ മലയാള സിനിമയിലെ സാഹസിക നായകന്‍ ജയന്റെ വേര്‍പ്പാടിന് നാലര പതിറ്റാണ്ട്. 1980 നവം: 16 നായിരുന്നു ആ വേര്‍പാട്. കൊല്ലം തേവള്ളിയില്‍ മാധവ വിലാസം മാധവന്‍ പിള്ളയുടേയും, ഓലയില്‍ ഭാരതിയമ്മയുടേയും രണ്ടുമക്കളില്‍ മൂത്തവനായി 1939 ജൂലൈ 25 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 41-ാം വയസ്സിലായിരുന്നു വിയോഗം.
നേവി ഉദ്യോഗം രാജിവെച്ചാണ് ജയന്‍ സിനിമയിലേയ്‌ക്ക് ചുവടുവെച്ചത്. നടന്‍ ജോസ്പ്രകാശുമായുള്ള അടുപ്പം സിനിമയിലേയ്‌ക്കുള്ള വാതില്‍ തുറന്നു. 1974 ല്‍ ”ശാപമോക്ഷം” എന്ന ജേസി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കൃഷ്ണന്‍നായര്‍ക്ക്, ജേസിയുടെ സമ്മതത്തോടെ ജോസ്പ്രകാശ് ജയനെന്ന പേര് സമ്മാനിച്ചു. അത് കാലം ഏറ്റുപിടിച്ചതും ചരിത്രമായി. കഠിന പരിശ്രമത്തിലൂടെ സ്വന്തമായൊരു താര സിംഹാസനം തീര്‍ത്ത ജയന്‍, പ്രശസ്തിയുടെ പടവുകള്‍ അനായാസം ചവിട്ടിക്കയറി. 1980 നവംബര്‍ 16 ന് ”കോളിളക്കം” എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരണ വേളയിലായിരുന്നു, അപ്രതീക്ഷിതമായി ജയനെ മരണം കീഴടക്കിയത്. ജയന്റെ അസാധ്യമായ പ്രകടനങ്ങള്‍ക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം, ജയനെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. പറന്നു പൊങ്ങിയ ഹെലിക്കോപ്റ്ററിന്റെ ലാന്റിംഗ് പാഡില്‍ തൂങ്ങിയുള്ള ഫൈറ്റ് ചിത്രീകരണത്തിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
ബാല്യത്തില്‍ വേര്‍പ്പിരിയേണ്ടിവന്ന സഹോദരങ്ങളുടെ സമാഗമത്തിന്റെ ചിത്രീകരണവേളയില്‍ ശത്രു ഹെലികോപ്ടറില്‍ രക്ഷപ്പെടുമ്പോള്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്ന സംഘട്ടന രംഗത്തിന് ആക്ഷന്‍ ഹീറോ ജയന്‍ ഒരുങ്ങി. ആ രംഗം ചിത്രീകരിക്കുന്ന വേളയില്‍ ചുവടൊന്ന് പിഴച്ചതോടെ, രംഗബോധമില്ലാത്ത കോമാളിയെ പോലെ കയറിവന്ന മരണം, നിഷ്പ്രയാസം ജയനെ കീഴ്പ്പെടുത്തി. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജയനെ തോല്‍പിച്ചെന്ന് അഹങ്കരിക്കുന്ന മരണത്തെ, ആരാധക ഹൃദയങ്ങളില്‍ ജയന്‍ ഇപ്പോഴും തോല്‍പിച്ചുകൊണ്ടേയിരിക്കുന്നു. 1976 ല്‍ പുറത്തിറങ്ങിയ പഞ്ചമിയിലെ കൊടുംവില്ലനായി തിളക്കമാര്‍ന്ന അഭിനയം കാഴ്‌ച്ചവെച്ച ജയന്‍, മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. ജയന്റെ അമ്മാമന്റെ മകളായ ജയഭാരതിയാണ് പഞ്ചമിയില്‍ ജയന്റെ പേര് സംവിധായകന്റെ മുന്നിലെത്തിച്ചത്. വില്ലന്‍ വേഷങ്ങളില്‍ നിന്നും വഴിമാറി ആക്ഷന്‍ ഹീറോ താരമായി അറിയപ്പെടാന്‍ തുടങ്ങിയ അദ്ദേഹം, ഏതാനും ചിത്രങ്ങളില്‍ സ്വഭാവ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കില്‍ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയെന്ന് ”ഇതാ ഇവിടെ വരെ” എന്ന ചിത്രം വിധിയെഴുതി. വില്ലനാണെങ്കിലും, അന്നത്തെ യുവാക്കള്‍ ജയനില്‍ ആകൃഷ്ടരായി. അക്കാലത്ത് യുവാക്കള്‍ക്കിടയില്‍ വേഷവിധാനത്തിലും, ശൈലിയിലും ഒരു തരംഗമായിരുന്നു, ‘ജയന്‍ സ്റ്റൈല്‍’. ഭാവാഭിനയത്തില്‍ മികവു പുലര്‍ത്തിയ ജയന്‍, ശരീരത്തിന്റെ കരുത്തും, മെയ് വഴക്കവും അഭിനയത്തില്‍ സംക്രമിപ്പിച്ചപ്പോള്‍, പ്രേക്ഷകരത് ആവേശപൂര്‍വ്വം നെഞ്ചിലേറ്റി. അതിസങ്കീര്‍ണ്ണമായ സാഹസിക രംഗങ്ങളില്‍ അപകട സ്വഭാവം ഗൗനിക്കാതെ, തന്മയത്വമായ പ്രകടനം കാഴ്ചവയ്‌ക്കുന്നതില്‍ മികവ് പുലര്‍ത്തി.
ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തിരിച്ചറിഞ്ഞ സംവിധായകര്‍, ജയനുവേണ്ടി മലയാള സിനിമയുടെ ജാതകംവരെ തിരുത്തിയെഴുതി. ജയനെ ജനകീയ നടനാക്കി തീര്‍ത്തത് ‘അങ്ങാടി’ ആയിരുന്നെങ്കിലും, ഹരിഹരന്‍ സംവിധാനം ചെയ്ത ‘ശരപഞ്ചര’ മാണ് ജയന് നായക പദവി ലഭിച്ച ആദ്യചിത്രം. ജയനെന്ന നടനില്‍നിന്ന് ജയനെന്ന താരം ഉടലെടുക്കുന്നത് ശരപഞ്ചരത്തിലൂടെയായിരുന്നു. കുതിരക്കാരനായെത്തി കുടുംബക്കാരനായ ശരപഞ്ചരം എന്ന ചിത്രത്തെ, മലയാളക്കര ഏറ്റുപിടിച്ചു. ശരീരഭാഷ തന്നെയായിരുന്നു, ശരപഞ്ചരത്തില്‍ ജയനെ വേറിട്ട് നിര്‍ത്തിയത്. ആ ചിത്രത്തില്‍ വില്ലനും, നായകനുമായ ചന്ദ്രശേഖരനായി ജയന്‍ നിറഞ്ഞാടി. ഇതേ ട്രെന്‍ഡുമായെത്തിയ ഐ.വി. ശശിയുടെ ‘അങ്ങാടി’ മലയാള സിനിമയില്‍ ചരിത്ര വിജയം നേടി. അങ്ങാടിയെന്ന ചിത്രത്തില്‍ അഭ്യസ്ത വിദ്യനായ ബാബുവെന്ന ചുമട്ടുതൊഴിലാളിയായി വേഷമിട്ട ജയന്‍, ആംഗലേയ ഭാഷയില്‍ ഗര്‍ജ്ജിക്കുമ്പോള്‍, ജയന്റെ സ്വരഗാംഭീര്യത്തില്‍ കോരിത്തരിച്ച് ആ ഭാഷ വശമില്ലാത്തവര്‍ പോലും തിയേറ്ററില്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. പിന്നീട് ഹരിഹരന്‍, വിജയാനന്ദ്, ശ്രീകുമാരന്‍ തമ്പി, എ.ബി. രാജ്, ഐ.വി. ശശി തുടങ്ങി അന്നത്തെ മുന്‍നിര സംവിധായകരെല്ലാം ജയനെ വേണ്ടവിധം പ്രയോജനപ്പെടുത്തി. വളരെ ചെറിയ കാലംകൊണ്ടുതന്നെ 120-ലധികം ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളില്‍ ജയന്‍ പകരക്കാരനില്ലാത്ത വിധം പകര്‍ന്നാടി.
1974 മുതല്‍ ’80 വരെ കേവലം ആറ് വര്‍ഷങ്ങള്‍കൊണ്ട് ”പൂട്ടാത്ത പൂട്ടുകള്‍” എന്ന തമിഴ്ചിത്രമുള്‍പ്പെടെ 120 ഓളം സിനിമകളില്‍ ജയന്റെ കയ്യൊപ്പ് പതിഞ്ഞു. പ്രേംനസീറൊത്ത് ജയന്‍ അഭിനയിച്ച ചിത്രങ്ങളധികവും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി. നസീറിനൊപ്പം കൈകോര്‍ത്തും, കൊമ്പുകോര്‍ത്തും മലയാള സിനിമയില്‍ ജയന്‍ ആടിത്തിമിര്‍ത്തു. ചന്ദ്രഹാസം, പാലാട്ട് കുഞ്ഞിക്കണ്ണന്‍, കരിപുരണ്ട ജീവിതങ്ങള്‍, പ്രഭു, ഇരുമ്പഴികള്‍, മാമാങ്കം, ലവ് ഇന്‍ സിങ്കപ്പൂര്‍, തച്ചോളി അമ്പു തുടങ്ങിയ ചിത്രങ്ങള്‍ അങ്ങനെ നീളുന്നു. ആവേശമെന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലും ജയന്‍ അഭിനയ മികവ് പുലര്‍ത്തി. വില്ലനായും, സഹനടനായും, നായകനായും പിന്നീട് ജയന്‍ അഭ്രപാളിയില്‍ നിറഞ്ഞുനിന്നു. സീമയാണ് ജയന്റെ നായികയായി ഏറ്റവും കൂടുതല്‍ വേഷമിട്ടത്.
ദീപം എന്ന ചിത്രത്തില്‍ സീമയുടെ മകന്റെ വേഷത്തിലായിരുന്നു. ജയന്റെ ആദ്യ നായിക നന്ദിതാബോസും, അവസാന നായിക സുമലതയുമായിരുന്നു. മദിരാശിയിലെ ഷോളാവാരത്ത് ജയന്‍ അപകടത്തില്‍പെട്ട് മരി്ക്കുമ്പോള്‍, ഓലക്കൊട്ടകയിലും, കോണ്‍ക്രീറ്റ് തീയേറ്ററുകളിലും ജയന്റെ ദീപവും, അന്തപുരവും നിറഞ്ഞോടുകയായിരുന്നു. ജയന്റെ മരണശേഷം, 10 ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. ജേസിയുടെ ‘ശാപമോക്ഷം’ മുതല്‍ പി. എന്‍. സുന്ദരത്തിന്റെ ‘കോളിളക്കം’ വരെ ജയന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ 96 ശതമാനത്തിലേറെ ചിത്രങ്ങളും ഹിറ്റുകളോ, സൂപ്പര്‍ഹിറ്റുകളോ ആയി. പിന്നീട് ഏറ്റവും ജനപ്രീതിയുള്ള നടനായ ജയന് ചുറ്റും മലയാള സിനിമ വട്ടമിട്ടു കറങ്ങി. 70 കളുടെ അവസാന ഘട്ടത്തില്‍ ജയന്‍, സോമന്‍, സുകുമാരന്‍ എന്ന ‘നക്ഷത്ര ത്രയങ്ങള്‍’ മലയാള സിനിമയെ കൈപ്പിടിയില്‍ ഒതുക്കിയതിനും കാലം സാക്ഷ്യം വഹിച്ചു. ജയന്റെ മരണശേഷം ചെന്നൈയില്‍നിന്നും മൃതദേഹം വിലാപയാത്രയായിട്ടാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചത്. വീട്ടുവളപ്പില്‍ പിതാവ് അന്ത്യവിശ്രമം കൊള്ളുന്നതിനടുത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. അതോടെ, സ്വര്‍ഗ്ഗ സീമകള്‍ ഉമ്മവയ്‌ക്കുന്ന ഒരു സ്വപ്ന ബിന്ദുവായി പ്രേക്ഷക ഹൃദയങ്ങളില്‍ ജയന്‍ അലിഞ്ഞുചേര്‍ന്നു
(ഗ്രാഫിക് ഡിസൈനിങ്ങ്: വിനോദ് ഒരുമനയൂര്‍)
















