ആയിരം പൂര്‍ണ്ണചന്ദ്രന്‍മാരെ കണ്ട നിറവിലാണ് ‘ഉള്‍ക്കടലി’ന്റെ കഥാകാരന്‍. പ്രായം എണ്‍പത്തിനാലിലെത്തിയെങ്കിലും മനസ് ഇപ്പോഴും പ്രണയാര്‍ദ്രമാണ്. ഉള്ളിലൊരു കടലിരമ്പുന്നു, പ്രണയത്തിന്റെ തിരത്തള്ളല്‍…
ഓണക്കൂറിന്റെ വാക്കിലും എഴുത്തിലുമെല്ലാം പ്രണയമുണ്ട്. ജീവിതത്തില്‍ നിന്ന് പ്രണയത്തെ എങ്ങനെ മാറ്റി നിര്‍ത്താനാകും എന്നാണദ്ദേഹത്തിന്റെ ചോദ്യം. പ്രണയത്തെ പ്രണയിച്ചുകൊണ്ടു ജീവിക്കുന്ന അദ്ദേഹത്തിന് 84 വയസ്സ് എന്നത് വെറും അക്കം മാത്രം. അതിനാല്‍ തന്നെ ശതാഭിഷേകമാണല്ലോ എന്നു ചോദിച്ചാല്‍, ഉറക്കെ ചിരിച്ച് മറുപടി പറയും, ”എണ്‍പത്തിനാലോ, എനിക്കോ…?”
1941 നവംബര്‍ 16ന് എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴയ്‌ക്കടുത്ത് ഓണക്കൂര്‍ എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയശേഷം കേരള സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡി. പിന്നീടുള്ള സ്ഥിര ജീവിതം തിരുവനന്തപുരത്താണ്. എങ്കിലും സ്വന്തം ഗ്രാമത്തെ മറക്കാന്‍ അദ്ദേഹത്തിനായില്ല. തിരുവനന്തപുരത്തുകാരനായെങ്കിലും പേരിനൊപ്പം ഗ്രാമപ്പേരുകൂടി ചേര്‍ത്ത് ജോര്‍ജ് ഓണക്കൂറായി. പിന്നീട് ജോര്‍ജിനെ വിട്ട് എല്ലാവരും ഓണക്കൂറെന്നു വിളിക്കാന്‍ തുടങ്ങി. തന്റെ ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്നതിലുള്ള അഭിമാനം മനസ്സില്‍ അദ്ദേഹം കൊണ്ടു നടക്കുന്നു. ഓണക്കൂര്‍ ഗ്രാമത്തില്‍ നിന്ന് തിരുവനന്തപുരത്ത് അധ്യാപകനായി എത്തിയ അദ്ദേഹം ആറുപതിറ്റാണ്ടിലേറെയായി തിരുവനന്തപുരത്തുകാരനാണ്. നാലാഞ്ചിറയിലുള്ള സുദര്‍ശന എന്ന വീട്ടിലെത്തിയാല്‍ ഗ്രാമീണന്റെ വിശുദ്ധിയോടെയാണദ്ദേഹം സ്വീകരിക്കുക.
മലയാളത്തിലെ ആദ്യത്തെ കാമ്പസ് നോവലിന്റെ രചയിതാവ്. പിന്നീടത് മലയാളത്തിലെ ആദ്യ കാമ്പസ് ചലച്ചിത്രമായി മാറിയ, ‘ഉള്‍ക്കടലി’ന്റെ തിരക്കഥാകൃത്ത്. എന്റെ ആകാശവും യമനവും എഴുതിയ നോവലിസ്റ്റ്. കല്‍ത്താമരയും ഇല്ലവും സമതലങ്ങള്‍ക്കപ്പുറവും കാമനയും ഹൃദയത്തിലൊരു വാളും എഴുതിയ പ്രതിഭ. ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി സ്ത്രിശാക്തീകരണത്തെ കുറിച്ച് ആദ്യമായി നോവലെഴുതിയയാള്‍…അതിലുപരി നല്ല അധ്യാപകനും ഗവേഷകനും…വിശേഷണങ്ങള്‍ ഏറെയുണ്ട്. നോവലിസ്റ്റ്, കഥാകാരന്‍, സാഹിത്യ വിമര്‍ശകന്‍, തിരക്കഥാകൃത്ത്, സഞ്ചാര സാഹിത്യകാരന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തന്‍. സംസ്ഥാന സര്‍വ്വ വിജ്ഞാനകോശം മുന്‍ ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്‍മാന്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിക്കുകയും അവിടങ്ങളിലെല്ലാം തന്റേതായ കൈയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തു. കേരളാ സാഹിത്യ അക്കാദമിയുടെയും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങളും തേടിയെത്തി. 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന്റെ ‘ഹൃദയരാഗങ്ങള്‍’ എന്ന ആത്മകഥയ്‌ക്കായിരുന്നു. ഹൃദയംകൊണ്ടൊരു രാഗ വിസ്താരം നടത്തുകയായിരുന്നു അദ്ദേഹം ‘ഹൃദയരാഗങ്ങളി’ലൂടെ…
തിരുവിതാംകൂറിലെ ദിവാന്‍ ഭരണത്തിനെതിരെ, ദിവാന്റെ സ്വേച്ഛാധിപത്യത്തിനെതിരെ കൂത്താട്ടുകുളത്തും സമീപ പ്രദേശങ്ങളിലും വലിയ കൊടുങ്കാറ്റുയര്‍ത്തിയ പ്രതിഷേധങ്ങള്‍ നടന്നപ്പോള്‍ ജോര്‍ജ് കുട്ടിയായിരുന്നു. ദിവാന്‍ ഭരണം അവസാനിപ്പിക്കണമെന്നും മൗലിക സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭങ്ങള്‍. യുവാക്കള്‍ ഒന്നടങ്കം സമരത്തില്‍ പങ്കെടുത്തു. ദിവാന്റെ പോലീസ് പൈശാചികമായാണ് സമരത്തെ നേരിട്ടത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ജോര്‍ജിനെയും പോലീസ് പിടിച്ചെങ്കിലും താക്കീത് നല്‍കി ഇറക്കി വിട്ടു. അടുത്ത സുഹൃത്ത് പാമ്പാക്കുട അയ്യപ്പനെ പക്ഷേ, അവര്‍ വിട്ടില്ല. ഭരണകൂട ഭീകരത അരങ്ങേറിയപ്പോള്‍ പാമ്പാക്കുട അയ്യപ്പനും തിരുമാറാടി രാമകൃഷ്ണനും മണ്ണത്തൂര്‍ വര്‍ഗ്ഗീസും രക്തസാക്ഷികളായി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന അയ്യപ്പന്റെ മരണത്തില്‍ പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തു. അയ്യപ്പന്റെ വേര്‍പാട് ജോര്‍ജിനെ കൂടുതല്‍ വേദനിപ്പിച്ചു. ആ വേദനയില്‍ നിന്നാണ് ‘കാരാഗൃഹത്തില്‍’ എന്ന ചെറുകഥ പിറക്കുന്നത്. അയ്യപ്പന്റെ ചോരയില്‍ തൊട്ടെഴുതിയ ആ കഥ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കെ.ബാലകൃഷ്ണന്‍ എഡിറ്ററായ ‘കൗമുദി’ വാരികയുടെ ബാലപംക്തിയില്‍ അച്ചടിച്ചുവന്നു. ഒരു പത്താംതരക്കാരന്റെ ആദ്യ കഥ. എന്‍.കെ.ജോര്‍ജ് എന്ന പേരിലായിരുന്നു ആദ്യ കഥയെഴുത്ത്. പിന്നീട് ‘ഇല്ലം’ എന്ന നോവലായി വികസിച്ചത് ആ കഥയാണ്.
എന്നും സമര തീക്ഷ്ണമായിരുന്നു ഓണക്കൂറിന്റെ ജീവിതം. തെറ്റിനെതിരായുള്ള പോരാട്ടത്തില്‍ അദ്ദഹത്തിന് ആരുടെയും മുഖം നോക്കാനായില്ല. കോളജ് അധ്യാപകരുടെ അവകാശ സംരക്ഷണത്തിനായി, അവരുടെ നേതൃത്വം ഏറ്റെടുത്ത് സമരരംഗത്തിറങ്ങി. ക്രിസ്ത്യന്‍ സഭയിലെ ചിലരുടെ നടപടികളെയായിരുന്നു അദ്ദേഹം ചോദ്യം ചെയ്തത്. ഫലം മാര്‍ ഇവാനിയോസിലെ ജോലി പോയി. അക്കാലത്ത് ജീവിക്കാനായി പത്രപ്രവര്‍ത്തകനുമായി. ദീപികയിലായിരുന്നു ആ നിയോഗം. പിന്നീട് എറണാകുളത്തെ ഭാരത് മാതാ കോളജില്‍ അധ്യാപകനായി. വീണ്ടും മാര്‍ ഇവാനിയോസിലെത്തുന്നത് മലയാളം വകുപ്പ് മേധാവിയായാണ്.
തെറ്റുകള്‍ക്കെതിരെ പോരാട്ടം നയിക്കുമ്പോള്‍ മുന്നില്‍ തന്നെ നിന്ന് നയിച്ചു. പുരോഹിതര്‍ തെറ്റു ചെയ്താലും അത് തെറ്റാണെന്ന് ഭയലേശമില്ലാതെ വിളിച്ചു പറഞ്ഞു. അത് പലര്‍ക്കും അലോസരമുണ്ടാക്കിയിട്ടുണ്ട്. നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ‘സമതലങ്ങള്‍ക്കപ്പുറം’ എന്ന നോവലില്‍ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. ഇപ്പോള്‍ യുജിസി ശമ്പളവും മറ്റാനുകൂല്യങ്ങളും വാങ്ങി സന്തോഷത്തോടെ കഴിയുന്ന സ്വകാര്യ കോളജ് അധ്യാപകര്‍ ആ നോവല്‍ വായിക്കണമെന്നാണ് ഓണക്കൂറിന് പറയാനുള്ളത്. സ്വകാര്യ കോളജ് അധ്യാപകര്‍ക്ക് കോളജ് മാനേജര്‍ തന്നെ ശമ്പളം കൊടുക്കുന്ന കാലമുണ്ടായിരുന്നു. ജോലി സ്ഥിരതയില്ല. എത്രകാലം ജോലി ചെയ്താലും എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം. രജിസ്റ്ററില്‍ എഴുതുന്ന ശമ്പളമായിരിക്കില്ല കയ്യില്‍ കിട്ടുന്നത്. കേരളത്തിലെ സ്വകാര്യകോളജ് അധ്യാപകര്‍ ശമ്പള തുല്യതയ്‌ക്കായി സമരം ചെയ്തപ്പോള്‍ മുന്നില്‍ തന്നെ നിന്നു. അതിന്റെ പേരില്‍ സര്‍ക്കാരും മാനേജ്‌മെന്റും ശത്രുക്കളായി. അറസ്റ്റും നടപടികളുമുണ്ടായി. ഒടുവില്‍ സമരം വിജയിച്ചു. സര്‍ക്കാര്‍ കോളജ് അധ്യാപകര്‍ക്കു നല്‍കുന്ന തരത്തില്‍, ശമ്പളതുല്യത അനുവദിച്ചു. മറ്റ് സേവന വ്യവസ്ഥകളും നടപ്പാക്കി. ‘സമതലങ്ങള്‍ക്കപ്പുറം’ കേരളത്തിലെ സ്വകാര്യ കോളജ് അധ്യാപകരുടെ പോരാട്ടങ്ങളുടെ വിജയകഥയാണ്.
‘അകലെ ആകാശ’മാണ് ആദ്യ നോവല്‍. ഓണക്കൂര്‍ ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതത്തില്‍ നിന്നാണ് ‘അകലെ ആകാശം’ ജനിക്കുന്നത്. ശേഖരന്‍കുട്ടി എന്ന കൃഷി ഓഫീസറെ നായകനാക്കിയെഴുതിയ നോവല്‍. വ്യത്യസ്തമായ സാമൂഹ്യ സാഹചര്യങ്ങളില്‍ സ്വയം നഷ്ടപ്പെടുന്ന മനുഷ്യരുടെ കഥ. നാടും നാട്ടിന്‍പുറത്തുകാരും കഥാപാത്രങ്ങളായി. ‘ഇല്ലം’ എന്ന നോവലും കാര്‍ഷിക ഗ്രാമ വ്യവസ്ഥയെ അടിസ്ഥാനമാക്കി രചിച്ചതാണ്. അകലെ ആകാശത്തിന്റെ തുടര്‍ച്ചയായിരുന്നു ആ നോവല്‍. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമം നാട്ടിലെ കാര്‍ഷിക മേഖലയിലും കുടുംബ വ്യവസ്ഥയിലുമുണ്ടാക്കിയ മാറ്റമായിരുന്നു നോവലിന്റെ ഇതിവൃത്തം. ഇല്ലത്തിന് ധാരാളം വായനക്കാരുണ്ടായി. നോവല്‍, വായനയുടെ പുതിയ ആഹ്ലാദമായി മാറിയപ്പോഴും നിരവധി എതിര്‍ശബ്ദങ്ങള്‍ ഉണ്ടായി. വിപ്ലവപ്പാര്‍ട്ടിക്കാര്‍ പേരുവെളിപ്പെടുത്താതെ പരിഹസിച്ചു. കള്ളപ്പേരുകളില്‍ നിരൂപണങ്ങള്‍ വന്നു. കോളജ് അധ്യാപകനായി നാലക്ക ശമ്പളം പറ്റുന്നയാള്‍ക്ക് വിപ്ലവത്തെ കുറിച്ച് പറയാനെന്തവകാശമെന്നായിരുന്നു ചോദ്യം. പക്ഷേ, ആരെയും കൂസാതെ ഉറച്ച മനസ്സുമായി ഓണക്കൂര്‍ നിന്നു.
എത്രകണ്ടാലും മടുപ്പു തോന്നാത്ത കടലിന്റെ സൗന്ദര്യം പോലെ…, എത്രകേട്ടാലും മതിവരാത്ത സംഗീതത്തിന്റെ മാധുര്യം പോലെ….’ -1979 ~ഒക്‌ടോബര്‍ 26ന് കേരളത്തിലെ തീയറ്ററുകളിലെത്തിയ ഉള്‍ക്കടല്‍ എന്ന ചലച്ചിത്രത്തിന്റെ പരസ്യവാചകം ഇതായിരുന്നു. അസ്തമയസൂര്യനു കീഴെ തിരയടിക്കാന്‍ വെമ്പിനില്‍ക്കുന്ന ചുവന്ന കടലിന്റെ ആഴങ്ങളിലേക്ക് മുഖം തിരിഞ്ഞു നില്‍ക്കുന്ന നായകന്റെ ചിത്രമുള്ള പോസ്റ്ററിനു മുകളില്‍ എഴുതിച്ചേര്‍ത്ത വാചകങ്ങളായിരുന്നു അത്. കടലിന്റെ സൗന്ദര്യം വര്‍ണനാതീതമാണ്. കടലിന്റെ അകലങ്ങളിലേക്ക് ആഴങ്ങളെ സ്വപ്‌നം കണ്ട്, നോക്കി നില്‍ക്കുമ്പോള്‍ മനസ്സില്‍ പ്രണയം മുളപൊട്ടും. കടല്‍ തിരകള്‍ക്ക് രൗദ്രഭാവമാണെങ്കിലും ആഴങ്ങളിലേക്കത് പ്രണയായാര്‍ദ്രമാകും. കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത ‘ഉള്‍ക്കടല്‍’ എന്ന ചലച്ചിത്രവും മലയാളിയുടെ മനസ്സില്‍ നിറച്ചത് ആ ആര്‍ദ്രതയാണ്. പ്രണയത്തിന്റെ നനുത്ത സ്പര്‍ശം. സിനിമ പ്രേക്ഷകരിലേക്കെത്തുന്നതിനും നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ജോര്‍ജ് ഓണക്കൂറിന്റെ വിഖ്യാത നോവല്‍ ‘ഉള്‍ക്കടല്‍’ വായനക്കാരുടെ കൈകളിലെത്തിയിരുന്നു. മലയാളത്തിലെ ആദ്യത്തെ ക്യാമ്പസ് നോവലായിരുന്നു അത്. വായനക്കാരുടെ മനസ്സില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും കടലിരമ്പം തീര്‍ത്ത ‘ഉള്‍ക്കടല്‍’ നോവലിന് 50 വയസ്സാകുന്നു.
84ഉം കടന്ന് ജോര്‍ജ് ഓണക്കൂര്‍ സഞ്ചരിക്കുകയാണ്, ഒട്ടും മടുക്കാത്ത ഈ ജിവിതം. ഇപ്പോഴും അദ്ദേഹം എഴുത്തു പുരയിലാണ്. പുതിയ കൃതിയുടെ പണിപ്പുരയില്‍. ഒപ്പം തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ ജോര്‍ജ് ഓണക്കൂറിനെ ഒഴിച്ചു നിര്‍ത്താനാകുന്നില്ല, ആര്‍ക്കും.
















