ന്യൂദല്‍ഹി: ദല്‍ഹിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘം ഇതിനായി സ്‌ഫോടകവസ്തുക്കള്‍ നിറച്ച 32 പഴയ വാഹനങ്ങള്‍ തയാറാക്കാന്‍ തീരുമാനിച്ചിരുന്നു. പണവും സമാഹരിച്ചു.
എക്കോസ്‌പോര്‍ട്ടിലും മാറ്റങ്ങള്‍ വരുത്താനായി സ്‌ഫോടനക്കേസില്‍ അറസ്റ്റിലായവര്‍ ശ്രമം നടത്തിയിരുന്നു. സമാന രീതിയില്‍ വേറെയും വാഹനങ്ങള്‍ തയാറാക്കിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നാല് സ്ഥലങ്ങളില്‍ ഏകോപിത സ്‌ഫോടനങ്ങള്‍ നടത്താനായി എട്ട് പേരെ ഭീകരസംഘം സജ്ജമാക്കിയിരുന്നു. ഓരോ നഗരത്തെ ലക്ഷ്യംവെക്കാന്‍ രണ്ട് പേരെ വീതം നിയോഗിച്ചിരുന്നതായി എന്‍ഐഎയും കണ്ടെത്തിയിട്ടുണ്ട്.
ഭീകരാക്രമണങ്ങള്‍ക്കായി ഇതുവരെ 20 ലക്ഷം രൂപ സമാഹരിച്ച് ദല്‍ഹിയില്‍ ചാവേറായ ഉമര്‍ നബിക്ക് കൈമാറിയിരുന്നു. ഐഇഡികള്‍ നിര്‍മിക്കാനും 20 ക്വിന്റലിലധികം എന്‍പികെ വളം (നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ മിശ്രിതമാണ് എന്‍പികെ വളം. സ്‌ഫോടകവസ്തു നിര്‍മാണത്തിനിത് ഉപയോഗിക്കാം) വാങ്ങാനും ഈ പണം ഉപയോഗപ്പെടുത്തി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉമര്‍ ഒരു സിഗ്നല്‍ ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും കണ്ടെത്തി. സ്‌ഫോടനത്തില്‍ പങ്കുള്ളവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. ഇവര്‍ രാജ്യവ്യാപകമായി സ്‌ഫോടനത്തിന് പദ്ധതിയിട്ടതിനാല്‍ വിവിധ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
















