ഗാബോറോൺ (ബോട്സ്വാന) :അംഗോളയും ബോട്സ്വാനയും ഉൾപ്പെടുന്ന ഔദ്യോഗിക വിദേശസന്ദർശനത്തിന്റെ അവസാനഘട്ടമായി രാഷ്‌ട്രപതി ദ്രൗപദി മുർമു ബോട്സ്വാന തലസ്ഥാനമായ ഗാബോറോണിലെത്തി. ഇന്ത്യയിൽ നിന്നുള്ള ഒരു രാഷ്‌ട്രപതി ആദ്യമായി ബോട്സ്വാന സന്ദർശിക്കുന്നതാണിത്.
ജലശക്തി, റെയിൽവേ സഹമന്ത്രി വി. സോമണ്ണയും പാർലമെൻ്റ് അംഗങ്ങളായ പർഭുഭായ് നാഗർഭായ് വാസവയും ഡി.കെ. അരുണയും രാഷ്‌ട്രപതിയെ അനുഗമിച്ചു.
പ്രസിഡൻ്റ് കാര്യാലയത്തിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ, പ്രസിഡൻ്റ് ബോക്കോ രാഷ്‌ട്രപതിയെ ഊഷ്മളമായി സ്വീകരിച്ചു. “ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യ, ബോട്സ്വാനയുടെ വികസനയാത്രയിൽ പ്രചോദനത്തിന്റെയും പിന്തുണയുടേയും ഉറവിടമാണ്,” എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ലിംഗസമത്വം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ രാഷ്‌ട്രപതിയുടെ സജീവ പങ്ക് അദ്ദേഹം പ്രശംസിച്ചു.
വ്യാപാരം, നിക്ഷേപം, കൃഷി, പുനരുപയോഗ ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം, പ്രതിരോധം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാനാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.
2026-ൽ ഇന്ത്യയും ബോട്സ്വാനയും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചിട്ട് 60 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ഈ സന്ദർശനം ഉഭയകക്ഷി ബന്ധത്തിലെ ചരിത്രനാഴികക്കല്ലാണെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.
ബോട്സ്വാനയിലെ പൗരന്മാർക്ക് മികച്ച ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ ഇന്ത്യൻ മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന ഫാർമക്കോപ്പിയ കരാറിൽ ഒപ്പുവെക്കുന്നതിന് ഇരുരാജ്യങ്ങളുടെയും നേതാക്കൾ സാക്ഷ്യം വഹിച്ചു. കൂടാതെ, ബോട്സ്വാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം ആവശ്യമായ ARV മരുന്നുകൾ വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനവും രാഷ്‌ട്രപതി പ്രഖ്യാപിച്ചു.
















