വാഷിങ്ടണ്‍: ഭാരതത്തിന് മേലുള്ള തീരുവ കുറയ്‌ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാരക്കരാറില്‍ ഒപ്പുവയ്‌ക്കാനും പദ്ധതിയുള്ളതായി ട്രംപ് അറിയിച്ചു. ഭാരതത്തിലേക്കുള്ള പുതിയ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് ട്രംപിന്റെ ഈ പരാമര്‍ശം.
ഭാരതം റഷ്യയില്‍ നിന്ന് ധാരാളം എണ്ണ വാങ്ങുന്നതിനാലാണ് യുഎസ് ആദ്യം തീരുവ വര്‍ദ്ധിപ്പിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ ഭാരതം ആ ഇറക്കുമതി കുറച്ചതിനാല്‍ തീരുവ കുറയ്‌ക്കേണ്ട സമയമാണെന്നും ട്രംപ് അവകാശപ്പെട്ടു. ‘നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്‌ട്ര ബന്ധങ്ങളിലൊന്നായ ഭാരതവുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ സെര്‍ജിയോ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ ചടങ്ങിനിടെ ട്രംപ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് തീരുവ കുറയ്‌ക്കുന്നത് സംബന്ധിച്ചുള്ള ട്രംപിന്റെ പരാമര്‍ശം.
സപ്തംബറില്‍, ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘം വാഷിങ്ടണിലേക്ക് പോയി.
അതേസമയം, ദക്ഷിണ, മധ്യേഷ്യകള്‍ക്കായുള്ള അസിസ്റ്റന്റ് ട്രേഡ് പ്രതിനിധി ബ്രണ്ടന്‍ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള ഒരു യുഎസ് സംഘം ന്യൂദല്‍ഹിയില്‍ ഭാരതത്തിന്റെ വാണിജ്യ വകുപ്പുമായി ‘പോസിറ്റീവ്, ഭാവിയിലേക്കുള്ള’ ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചയില്‍ സമഗ്ര വ്യാപാര കരാറിലെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.
















