തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ആരോപണം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്ഡയറക്ടര്‍ക്ക് കൈമാറി. ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ ആശുപത്രിക്ക് വീഴ്ചയില്ലെന്നാണ് കണ്ടെത്തല്‍. കേസ് ഷീറ്റിലും പോരായ്‌മകള്‍ ഇല്ല.
പ്രോട്ടോക്കോള്‍ പ്രകാരമുള്ളചികിത്സ വേണുവിന് നല്‍കിയെന്ന് കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.എന്നാല്‍, ആശയവിനിമയത്തില്‍ അപാകതയുണ്ടായിട്ടുണ്ടെന്നാണ് നിഗമനം. വേണുവിന്റെ ശബ്ദ സന്ദേശത്തില്‍ കുടുംബത്തിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ വ്യക്തത വരുത്തണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി വേണുവിന്റെ ഭാര്യയില്‍ നിന്ന് ഡിഎംഇ വിവരങ്ങള്‍ തേടും. ഇതിന് ശേഷം അന്തിമ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറും.
















