സമസ്തിപൂർ (ബീഹാർ): ബീഹാറിലെ വിവിപാറ്റ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയതോടെ പ്രതിപക്ഷം ഉയർത്തിയ ആക്ഷേപം അടിസ്ഥാനമില്ലാത്തതായി. തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തിയത് ശരിയോ എന്ന് ഉറപ്പാക്കാനുള്ള വിവിപാറ്റ് രസീതി ഉപേക്ഷിക്കപ്പെട്ടതായി കണ്ടതാണ് വിവാദമായത്. എന്നാൽ, യഥാർത്ഥ വോട്ടെടുപ്പിന്റേതല്ല, വോട്ടിങ് യന്ത്രങ്ങൾ ശരിയോ എന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് ബൂത്തുകളിൽ നടത്തിയ പരിശോധനാ വോട്ടിങ്ങിന്റെ രസീതാണിത്. ഇത് പോളിങ് ഉദ്യോഗസ്ഥർ, പാർട്ടികളുടെ പോളിങ് ഏജന്റുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് നടത്തിയത്. ആ രസീതിന് യഥാർത്ഥ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ഒരു ബന്ധവുമില്ല.
എങ്കിലും സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റിനോട് സ്ഥലം സന്ദർശിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചതായി മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. പരിശോധനയിൽ ഇവ ‘മോക്ക് പോളിന്റെ’ വിവിപാറ്റ് സ്ലിപ്പുകളായതിനാൽ, പോളിംഗ് പ്രക്രിയയുടെ സമഗ്രതയിൽ വിട്ടുവീഴ്ചയില്ല. മത്സരിക്കുന്ന സ്ഥാനാർത്ഥികളെയും ഡിഎം ഈ വിവരം അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, അശ്രദ്ധയ്‌ക്ക് ബന്ധപ്പെട്ട എആർഒയെ സസ്‌പെൻഡ് ചെയ്യുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു,വെന്ന് മുഖ്യ തെരഞ്ഞെടുപ്പുകമ്മീഷണർ അറിയിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു സ്വതന്ത്ര സംവിധാനമാണ് വിവിപാറ്റ്, ഇത് വോട്ടർമാർക്ക് അവരുടെ വോട്ടുകൾ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാൻ സഹായിക്കുന്നതാണ്.
















