പാട്ന : ബീഹാറിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കവെ സരൻ ജില്ലയിൽ മഞ്ചിയിലെ എംഎൽഎയായ സിപിഐഎമ്മിന്റെ സ്ഥാനാർത്ഥി സത്യേന്ദ്ര യാദവിന്റെ കാർ ആക്രമിക്കപ്പെട്ടു. സരൺ ജില്ലയിലെ മാഞ്ചി നിയമസഭാ മണ്ഡലത്തിലെ ജയ്ത്പൂർ ഗ്രാമത്തിലെ 41, 42, 43, 44 എന്നീ ബൂത്തുകളിൽ ചിലർ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയും സ്ഥാനമൊഴിയുന്ന എംഎൽഎയുമായ ഡോ. സത്യേന്ദ്ര യാദവിനെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്.
ഡോ. സത്യേന്ദ്ര യാദവിന്റെ കാർ വളഞ്ഞ സംഘം കാറിലുണ്ടായിരുന്ന എംഎൽഎയെ പൊതിരെ തല്ലുകയായിരുന്നു. തുടർന്ന് വിവരം ലഭിച്ചയുടനെ ഡിഎസ്പിയും മറ്റ് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
സരൺ ജില്ലാ പോലീസ് മേധാവി ഡോ. കുമാർ ആശിഷും സ്ഥലത്തെത്തി. ഈ വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ദൗദ്പൂർ പോലീസ് സ്റ്റേഷനിൽ പുരോഗമിക്കുകയാണ്.
















