കൊല്ലം: ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവിലെ വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിക്കുന്ന പാലോട് പച്ച സ്വദേശി ശ്രീക്കുട്ടി (19) ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് രക്ഷകനായ ആ ലോക്കോ പൈലറ്റ്.
കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷന്‍ കൊട്ടാരം നഗറിലെ വീടായ സരയുവിലിരുന്ന് ലോക്കോ പൈലറ്റ് എന്‍.വി. മഹേഷ് ആ ദുരന്തരാത്രിയിലെ അനുഭവങ്ങള്‍ പങ്കുവച്ചു. ‘ഒരു പെണ്‍കുട്ടിയെ കേരള എക്‌സ്പ്രസില്‍ നിന്നും അക്രമി ചവിട്ടിത്തള്ളിയിട്ടിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും വയര്‍ലസ് സന്ദേശമെത്തി. കൂറ്റാകൂരിരുട്ട്. മനസില്‍ മുഴുവന്‍ ഭയാശങ്കയായിരുന്നു. എതിര്‍ദിശയില്‍ മെമു ഓടിക്കുകയായിരുന്നല്ലോ. 29 വര്‍ഷത്തെ സര്‍വീസിനിടെ താനോടിച്ചിട്ടുള്ള ട്രെയിന്‍ ആര്‍ക്കും അപകടം ഉണ്ടാക്കിയിട്ടില്ല. ഈ കുട്ടിക്കും ഒന്നും സംഭവിക്കരുതെ എന്നു പ്രാര്‍ത്ഥിച്ചു. വളരെ ശ്രദ്ധിച്ച് വേഗത കുറച്ചായിരുന്നു യാത്ര. കടയ്‌ക്കാവൂര്‍ കഴിഞ്ഞ വേളയിലാണ് മുമ്പിലെ കൂരിരുട്ടില്‍ ഇരുട്രാക്കുകള്‍ക്കും ഇടയിലായി ഒരു രൂപം കണ്ടത്. അത് ആ പെണ്‍കുട്ടിയായിരുന്നു. ഞാന്‍ ട്രെയിന്‍ നിര്‍ത്തി. ഗുരുതരമായി പരിക്കുകള്‍ പറ്റിയ കുട്ടിയെ ആദ്യത്തെ ബോഗിയില്‍ കയറ്റി വര്‍ക്കലയിലേക്ക് എത്തിച്ചു. അവിടെ ആംബുലന്‍സ് സജ്ജമായിരുന്നു.
ആശുപത്രിയിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയും സുഹൃത്തുക്കള്‍ മുഖേനയും അറിയുന്നുണ്ട്. ജീവന്‍ രക്ഷിക്കാനായി എന്നു പറയണമെങ്കില്‍ അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരണം. എനിക്കും ഒരു മകളുണ്ട്. ഒരച്ഛന്റെ മനസ് പറഞ്ഞറിയിക്കാനാവില്ല. എങ്ങനെയെങ്കിലും ആ പെണ്‍കുട്ടിയുടെ ജീവിതം പഴയതുപോലെ ആകണമേയെന്നാണ് ഇപ്പോള്‍ പ്രാര്‍ത്ഥന’ അദ്ദേഹം പറഞ്ഞു.
ഞായര്‍ രാത്രി നടന്ന സംഭവം സംബന്ധിച്ച് അദ്ദേഹം എഴുതിയ കുറിപ്പ് റെയില്‍വെ ഗ്രൂപ്പുകളില്‍ വൈറലായി മാറിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി. കുട്ടൂകാരിയുമായി തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്കുള്ള യാത്രാമധ്യേയാണ് ശ്രീക്കുട്ടിക്ക് നേരെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മദ്യപന്റെ അക്രമമുണ്ടായത്. കൂട്ടുകാരിക്ക് നേരെയും അക്രമമുണ്ടായി എങ്കിലും വാതിലിന്റെ ഹാന്‍ഡിലില്‍ മുറുകെ പിടിച്ചതും സഹയാത്രികന്‍ സഹായിച്ചതും രക്ഷയായി.














