കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജാവിന്റെ അധ്യക്ഷതയില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച വിദ്വല്‍ സദസ്സായ രേവതിപട്ടത്താനത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ പട്ടത്താനം 4ന് നടക്കും. പാരമ്പര്യമായി പട്ടത്താനസദസ് നടത്തിവന്നിരുന്ന വാതില്‍മാടത്തില്‍ ശാസ്ത്രസദസും തുടര്‍ന്ന് രാവിലെ എട്ടിന് കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിക്കുന്ന വേദപണ്ഡിതന് സാമൂതിരി രാജാവ് ആചാരപ്രകാരം പണക്കിഴി നല്‍കി ആദരിക്കല്‍ ചടങ്ങും നടക്കും. 9 ന് തളിക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി തളി സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളില്‍ പ്രവേശിക്കും. 9.40ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ രേവതി പട്ടത്താനം ഉദ്ഘാടനം ചെയ്യും. വേദിയില്‍ മികച്ച സാഹിത്യകാരനുള്ള മനോരമ തമ്പുരാട്ടി പുരസ്‌കാരം തൃപ്പുണിത്തുറ ഗവ. സംസ്‌കൃത കോളജിലെ ജോതിഷവിഭാഗം മേധാവി ഡോ. ഇ.എന്‍. ഈശ്വരന് സമ്മാനിക്കും.
തുടര്‍ന്ന് യജുര്‍വേദ സംഹിതയും ‘യാവദധികാരാധികരണം’ എന്ന വിഷയത്തില്‍ വാക്യാര്‍ത്ഥ സദസും ഉണ്ടായിരിക്കും. ഉച്ചയ്‌ക്കുശേഷം അക്ഷരശ്ലോക സദസ്. തുടര്‍ന്ന് ‘ഭാരതീയകലകളും ആര്‍ഷമൂല്യങ്ങളും’ വിഷയത്തെ അടിസ്ഥാനമാക്കി ഡോ. പി.കെ. മാധവനും, ‘വ്യക്തി, സമൂഹം, ജീവിതം-സംസ്‌കൃത കാവ്യമണ്ഡലം നല്കുന്ന ചില സന്ദേശങ്ങളും നിരീക്ഷണങ്ങളും’ വിഷയത്തില്‍ അമൃത യൂണിവേഴ്സിറ്റി എയറോസ്പേസ് വിഭാഗം പ്രൊഫസര്‍ ഡോ. എ.ആര്‍. ശ്രീകൃഷ്ണനും പ്രഭാഷണങ്ങള്‍ നടത്തും.
വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എം.കെ. രാഘവന്‍ എംപി മുഖ്യാതിഥിയാകും. മികച്ച കവിതാസമാഹാരത്തിനുള്ള കൃഷ്ണഗീതി പുരസ്‌കാരം ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിനും, മികച്ച കൃഷ്ണനാട്ട കലാകാരനുള്ള കുട്ടിയനുജന്‍ രാജ സ്മാരക പുരസ്‌കാരം കെ. സുകുമാരനും സമര്‍പ്പിക്കും. പട്ടത്താനത്തിന് മുന്നോടിയായി നടന്ന സംസ്‌കൃത മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനവുമുണ്ടാകും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ രേവതിപട്ടത്താന സമിതി ചെയര്‍മാന്‍ പി.കെ. കൃഷ്ണനുണ്ണി രാജ, സെക്രട്ടറി ഡോ. സുജിത്ത് വര്‍മ്മ, ട്രഷറര്‍ പി.കെ. പ്രദീപ്കുമാര്‍ രാജ, തളി ദേവസ്വം എക്സി. ഓഫീസര്‍ പി.സി. ബിജുരാജ്, സമിതി അംഗം പി.കെ. മാനവ് വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.












