കൊച്ചി: സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്‌നോളജിസ്റ്റുകളുടെ (ഇന്ത്യ) 2024ലെ മികച്ച ശാസ്ത്ര പ്രബന്ധ അവാര്‍ഡ് ഐസിഎആര്‍ സിഐഎഫ്ടിയിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. എം.വി. ബൈജുവിന്. ‘ഇവാലുവേറ്റിങ് എല്‍എന്‍ജി – ഡീസല്‍ ഡ്യൂയല്‍ ഫ്യൂവല്‍ സിസ്റ്റംസ് ഇന്‍ ട്രോളിങ്; റിസല്‍റ്റ്‌സ് ഫ്രം ട്രയല്‍സ് കൊച്ചിന്‍, കേരള’ എന്ന പ്രബന്ധത്തിനാണ് അവാര്‍ഡ് ലഭിച്ചത്. വി.ആര്‍. മധു, ദിജു ദാസ്, പി.എച്ച്.വി. വിപിന്‍ കുമാര്‍, സജീവ് നമ്പ്യാര്‍, നിലേന്ദര്‍ കുമാര്‍, ഉപീന്ദര്‍ കുമാര്‍, വീരസാമി മണിമാരന്‍ എന്നിവരാണ് അവാര്‍ഡ് നേടിയ പ്രബന്ധത്തിന്റെ സഹ രചയിതാക്കള്‍.
ട്രോളിങ് പ്രവര്‍ത്തനങ്ങളില്‍ ഹൈ-സ്പീഡ് ഡീസലിനൊപ്പം ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിക്കുന്നതിന്റെ സാധ്യതയെക്കുറിച്ചാണ് പ്രബന്ധ പര്യവേഷണം നടത്തിയത്. പ്രകടനത്തിലോ കാര്യക്ഷമതയിലോ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സാങ്കേതികമായി ലാഭകരവും ശുദ്ധവും സുസ്ഥിരവുമായ ഒരു ഇന്ധന ബദലായി എല്‍എന്‍ജിയെ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഈ പഠനം തെളിയിച്ചു. ഗവേഷണത്തിലൂടെ പരിസ്ഥിതി സൗഹൃദ മത്സ്യബന്ധന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും ഭാരതത്തിന്റെ ബ്ലൂ ഇക്കോണമി ലക്ഷ്യങ്ങളെ പിന്തുണയ്‌ക്കാനും സാധിക്കുമെന്ന് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍ അറിയിച്ചു.











