ഇരുട്ടിന്റെ കണ്ണില്‍ പ്രകാശം ചുരത്താന്‍
കൊളുത്തുന്ന ദീപങ്ങളോരോന്നില്‍നിന്നും
സ്ഫുരിക്കട്ടെ വിജ്ഞാന ദീപ്രോജ്വലശ്രീ
തുടിക്കുന്ന നോക്കും തിളയ്‌ക്കുന്ന വാക്കും
പകര്‍ന്നെത്രസ്നേഹം, തിരിച്ചെത്ര,നൂല്‍നാം
പകര്‍ന്നാടിടുന്നെങ്ങുമെന്നിട്ടുമെന്തേ
ഇരുട്ടിന്റെനാവും കരിക്കോലവും ഹാ!
തെളിക്കാത്ത നാളം തരാറില്ല വെട്ടം
കൊളുത്തുന്നു പന്തങ്ങള്‍ കൂരയ്‌ക്കുവെക്കാന്‍
പകക്കാട്ടില്‍ വെട്ടം പകര്‍ന്നങ്ങുനല്‍കാന്‍
തെളിച്ചീടണംനെയ്ച്ചെരാതെങ്കിലല്ലേ
തിരിത്തീയില്‍ വെട്ടം തിളങ്ങിത്തുടങ്ങൂ
നശിച്ചെത്രയെന്നക്ഷരങ്ങള്‍, നുറുങ്ങി-
പ്പിടയ്‌ക്കുന്നുചിത്തം വരണ്ടൊട്ടിനാവും,
മരിക്കില്ലയെന്നാണതിന്നര്‍ത്ഥമെന്നാല്‍
മറക്കൊല്ല കൊന്നില്ലയോ നമ്മളോര്‍ക്കൂ
കൊളുത്താം നമുക്കഗ്‌നി വിജ്ഞാനവെട്ട-
ത്തിമിര്‍പ്പില്‍ മറഞ്ഞീടവേയന്ധകാരം
തിളങ്ങട്ടെയെങ്ങും കരുത്തായി താര-
പ്രഭാപുഞ്ജമായിന്ന് ദീപാക്ഷരങ്ങള്‍.











