ചെന്നൈ: തമിഴ്‌നാട്ടില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.എ. ശെങ്കോട്ടയ്യനെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി.
പാര്‍ട്ടിയില്‍നിന്ന് മുമ്പ് പുറത്താക്കിയ ഒ. പനീര്‍സെല്‍വത്തിനും ടി.ടി.വി. ദിനകരനുമൊപ്പം തേവര്‍ സ്മാരകത്തിലെത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍.പാര്‍ട്ടിയുടെ അന്തസ് കളങ്കപ്പെടുത്തിയവരെ പുറത്താക്കുമെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു.ശെങ്കോട്ടയ്യന്‍ ആവര്‍ത്തിച്ച് പാര്‍ട്ടി നിയമങ്ങള്‍ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എഐഎഡിഎംകെ ,എംജിആറും ജയലളിതയും മുന്നോട്ടുവെച്ച തത്വങ്ങള്‍ ഇപ്പോഴും മുറുകെ പിടിക്കുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ നിലപാടുകള്‍ക്കും നിയമങ്ങള്‍ക്കുമെതിരെ ആര് പ്രവര്‍ത്തിച്ചാലും പദവിയോ സ്ഥാനങ്ങളോ നോക്കാതെ അച്ചടക്ക നടപടി സ്വീകരിക്കും-പളനിസ്വാമി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തില്‍ എത്തണമെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യം ഉയര്‍ന്നുവരണമെന്ന് പറഞ്ഞ ശെങ്കോട്ടയ്യന്‍ , പുറത്താക്കപ്പെട്ട വേലുമണി, തങ്കമണി, സി.വി. ഷണ്‍മുഖം, അന്‍പഴകന്‍, വി.കെ. ശശികല, ടി.ടി.വി. ദിനകരന്‍, ഒ. പനീര്‍ശെല്‍വം എന്നിവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍ട്ടി പദവികളില്‍നിന്നും നീക്കിയിരുന്നു.
















