പെരുമ്പാവൂർ : ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ റെയ്ഡിൽ രണ്ട് പേർ അറസ്റ്റിൽ. മാറമ്പിള്ളി മുടിക്കൽ ചെരുമൂടൻ വീട്ടിൽ ഹസ്സൻ അനസ് (25), വെങ്ങോല അല്ലപ്രയിൽ വാടകയ്‌ക്ക് താമസിക്കുന്ന പെരുമ്പാവൂർ തെക്കിനേടത്ത് വീട്ടിൽ അമൽ പ്രധാൻ (24) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഹസ്സൻ അനസിന്റെ അക്കൗണ്ടിലേക്ക് ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും വിവിധ ലെയറുകളിലായി 170000 രൂപ വന്നിട്ടുണ്ട്. ഈ മ്യൂൾ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു. പരാതിക്കാരനായ കോഴിക്കോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അമൽ പ്രധാന്റെ വിവിധ ബാങ്ക് അക്കൗണ്ട് കളിലേക്ക് 340000 രൂപ ട്രാൻസ്ഫർ ചെയ്തെടുത്ത് ഈ കേസിലെ മറ്റ് പ്രതികൾ ചേർന്ന് അമൽ പ്രധാന്റെ ചെക്കും , എ റ്റി എം കാർഡും ഉപയോഗിച്ച് പണം പിൻവലിച്ചിരുന്നു.
പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, സബ് ഇൻസ്പെക്ടർമാരായ റാസി ക്ക് പി എം, വിനിൽ ബാബു, ശിവകുമാർ എസ്, വിഷ്ണു,എ എസ് ഐ രതി , സീനിയർ സി പി ഓ മാരായ ജിജിമോൻ, രജിത്ത് രാജൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















