ഫട്ടോര്‍ദ: സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഗ്രൂപ്പ് ഡിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. സ്പാനിഷ് മുന്നേറ്റതാരം കോള്‍ഡോ ഒബിയെറ്റ അരങ്ങേറ്റ മത്സരത്തില്‍ 87-ാം മിനിറ്റില്‍ നേടിയ തകര്‍പ്പന്‍ ഹെഡര്‍ ഗോളാണ് മഞ്ഞപ്പടയ്‌ക്ക് മൂന്ന് പോയിന്റ് സമ്മാനിച്ചത്. 51-ാം മിനിറ്റില്‍ രാജസ്ഥാന്റെ ഗുര്‍സിമ്രത്ത് സിങ് ചുവപ്പുകാര്‍ഡ് പുറത്തുപോയ ശേഷം പത്തുപേരുമായി കളിക്കേണ്ടി വന്നതും അവര്‍ക്ക് തിരിച്ചടിയായി.
ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, കോള്‍ഡോ ഒബിയെറ്റ, ഹുവാന്‍ റോഡ്രിഗസ് എന്നീ വിദേശ താരങ്ങളെ അണിനിരത്തിയാണ മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ മൈതാനത്തിറക്കിയത്. കളിയില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു മുന്‍തൂക്കം. ലൂണയുടെ നേതൃത്വത്തില്‍ മധ്യനിര കളി നിയന്ത്രിച്ചപ്പോള്‍ രാജസ്ഥാന്‍ നീളന്‍ പാസുകളിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ചു.
ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോളിനടുത്തെത്തി. 21-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ ഡാനിഷ് ഫാറൂഖിന്റെ ശക്തമായ ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങി. നിഹാല്‍ സുധീഷ് ഇടത് വിങ്ങിലൂടെ നിരന്തരം ഭീഷണി ഉയര്‍ത്തിയെങ്കിലും പ്രതിരോധക്കോട്ട ഭേദിക്കാനായില്ല. ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍കീപ്പര്‍ നോറ ഫെര്‍ണാണ്ടസിന്റെ ഉജ്ജ്വല രക്ഷപ്പെടുത്തല്‍ ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു.
51-ാം മിനിറ്റില്‍ രാജസ്ഥാന്റെ ഗുര്‍സിമ്രത്ത് സിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. ബ്ലാസ്റ്റേഴ്സിന്റെ നിഹാലിനെ ഫൗള്‍ ചെയ്തതിനാണ് പ്രതിരോധനിര താരം ഗുര്‍സിമ്രത്തിന് റഫറി നേരിട്ട് ചുവപ്പുകാര്‍ഡ് നല്‍കിയത്. പത്തുപേരായി ചുരുങ്ങിയതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു.
തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്ക് 87-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് പ്രതിഫലം ലഭിച്ചു. ഹുവാന്‍ റോഡ്രിഗസ് വലതുവിങ്ങില്‍ നിന്ന് നല്‍കിയ ഉഗ്രന്‍ ക്രോസ്സില്‍, പ്രതിരോധ താരങ്ങളെ മറികടന്ന് കുതിച്ചുയര്‍ന്ന കോള്‍ഡോ ഒബിയെറ്റ തലവെച്ച് കൊടുത്തു. ബ്ലാസ്റ്റേഴ്‌സിനായുള്ള കോള്‍ഡോയുടെ അരങ്ങേറ്റ ഗോള്‍ കൂടിയായിരുന്നു ഇത്. അടുത്ത മത്സരത്തില്‍ നവംബര്‍ മൂന്നിന് എസ് സി ദല്‍ഹിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
















