ടെൽ അവീവ് : ഗാസയിൽ മരിച്ച ബന്ദികളുടെ അവശിഷ്ടങ്ങൾ അടങ്ങിയ രണ്ട് ശവപ്പെട്ടികൾ ഹമാസ് തീവ്രവാദികൾ ഗാസയിലെ റെഡ് ക്രോസിന് കൈമാറിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഹമാസ് ഇതിനോടകം 15 ബന്ദികളുടെ അവശിഷ്ടങ്ങൾ തിരികെ നൽകിയിട്ടുണ്ട്.
എന്നാൽ ബാക്കിയുള്ള 13 ബന്ദികളുടെ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ ഗാസയിൽ മരിച്ചുവെന്ന് കരുതപ്പെടുന്ന ബന്ദികളുടെ മൃതദേഹങ്ങളോ അവശിഷ്ടങ്ങളോ ഹമാസ് തിരികെ നൽകുന്നതിനായി ഇസ്രായേൽ ഇപ്പോൾ കാത്തിരിക്കുകയാണ്.
അതേ സമയം ഹമാസ് ഇസ്രായേലിനെ വഞ്ചിച്ചിരുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കുറ്റപ്പെടുത്തിയിരുന്നു. തടവിലായിരിക്കെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നത് അനിശ്ചിതത്വത്തിലായ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം വന്നത്. പിന്നീട് ചൊവ്വാഴ്ച ഗാസയിൽ ഇസ്രായേൽ സൈന്യം കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. തുടർന്ന് ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഭീഷണിയിലെത്തുകയും ചെയ്തു.
അതേ സമയം 2023 ഒക്ടോബർ 7 മുതൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ 68,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് തീവ്രവാദികൾ ഇസ്രായേലിനെ ആക്രമിച്ച് 1,200 പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം ആരംഭിച്ചത്.
















