ന്യൂദല്‍ഹി: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ രാഷ്‌ട്രപതി നിയമിച്ചതായി നിയമ മന്ത്രാലയം അറിയിച്ചു. സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് സൂര്യകാന്തിനെ തന്‌റെ പിന്‍ഗാമിയായി ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായി ശുപാര്‍ശ ചെയ്തിരുന്നു. പുതിയ ചീഫ് ജസ്റ്റിസ് നവംബര്‍ 24 ന് സത്യപ്രതിജ്ഞ ചെയ്യും. ഹരിയാനയില്‍ നിന്നുള്ള ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് സൂര്യകാന്തിന് 2027 ഫെബ്രുവരി 9 വരെ കാലാവധിയുണ്ട്.
1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച ജസ്റ്റിസ് സൂര്യകാന്തിന്‌റെ പിതാവ് ഒരു അധ്യാപകനായിരുന്നു. 1984 ല്‍ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ നിന്നാണ് നിയമ ബിരുദം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന്, ഹിസാറിലെ ജില്ലാ കോടതിയില്‍ അഭിഭാഷകനായി.
38-ാം വയസ്സില്‍ അദ്ദേഹം ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി. 2004-ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമനം ലഭിച്ചു. 2018 ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി.
2019 മെയ് 24 നാണ് സുപ്രീം കോടതി ജഡ്ജിയാകുന്നത്.
















