തിരുവനന്തപുരം: നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ ഗോള്‍ഡന്‍വാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ താര കൃഷ്ണന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍
തൈക്കാട് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡന്‍വാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ താര കൃഷ്ണന്‍ എന്നറിയപ്പെടുന്ന താര എം (51) നെയാണ് തമ്പാനൂര്‍ പോലീസ് ബംഗുളുരൂ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.
സ്വര്‍ണ്ണവായ്‌പ നല്‍കുകയും വന്‍ പലിശ വാഗ്ദാനം ചെയ്ത് സ്ഥിരനിക്‌ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്ന സ്ഥാപനമാണ് ഗോള്‍ഡന്‍വാലി നിധി. തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, പാമാംകോട് എന്നിവിടങ്ങളില്‍ ഇതിന് ശാഖകള്‍ ഉണ്ടായിരുന്നു. നിക്ഷേപകരുടെ പണം ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷം തലസ്ഥാനത്ത് സണ്ണി ലിയോണിയെ കൊണ്ട് വന്നുള്ള ഫാഷന്‍ പരിപാടി നടത്തിയിരുന്നു. ഇതോടെയാണ് നിക്ഷേപകര്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ പണം തിരികെ നല്‍കാതെ ഉടമയും കൂട്ടാളികളും മുങ്ങുകയായിരുന്നു.
രണ്ടാം പ്രതി മാനേജിംഗ് ഡയറക്ടര്‍ കെ. ടി തോമസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
















