കുടുംബപശ്ചാത്തലം ജീവചരിത്രപരമായ വസ്തുതയാണെങ്കിലും അതു മതിയായ യോഗ്യതയല്ലെന്നു ബിജെപിയുടെ ചരിത്രം കാട്ടിത്തരുന്നു. നേതൃത്വത്തിലേക്കുള്ള പാത ഏവര്‍ക്കും ഒരുപോലെയാണ്. കാര്യകര്‍ത്താവില്‍നിന്നു നേതാവിലേക്ക്, പ്രവര്‍ത്തകനില്‍നിന്നു പ്രതിനിധിയിലേക്ക്, പ്രതിനിധിയില്‍നിന്നു മന്ത്രിയിലേക്ക്; ഓരോ ചുവടും വയ്‌ക്കുന്നത് പ്രവര്‍ത്തനത്തിലൂടെയാണ്.
പാരമ്പര്യം അവകാശമായി തെറ്റിദ്ധരിക്കപ്പെട്ട രീതിയാണ്, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഭൂരിഭാഗവും രാഷ്‌ട്രീയത്തെ രൂപപ്പെടുത്തിയത്. ഒരു കുടുംബവും ഒരു രാഷ്‌ട്രീയകക്ഷിയും, ഭരിക്കാന്‍ ജനിച്ചവരാണു തങ്ങളെന്നു വിശ്വസിച്ചു. ക്രമേണ, ഈ മാനസികാവസ്ഥ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി. രാഷ്‌ട്രീയപരമായ പദവിയെ ജന്മാവകാശമായി കണക്കാക്കാന്‍ തലമുറകളെ പഠിപ്പിച്ചു. ആ ധാരണയെ ഇപ്പോള്‍ യോഗ്യത, ഉത്തരവാദിത്വം, പ്രകടനം എന്നിവയില്‍ വേരൂന്നിയ പുതിയ രാഷ്‌ട്രീയ ധര്‍മചിന്ത വെല്ലുവിളിക്കുകയാണ്.
”ഒരു രാഷ്‌ട്രം, കുറച്ചു കുടുംബങ്ങള്‍” എന്ന ശീര്‍ഷകത്തില്‍ ‘ദി ഇന്ത്യന്‍ എക്സ്പ്രസി’ല്‍ അടുത്തിടെ വന്ന ലേഖനം, ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കുടുംബവാഴ്ച നിലനില്‍ക്കുന്നതിനെക്കുറിച്ചുള്ള പ്രധാന ചോദ്യം ഉയര്‍ത്തുന്നു. ലേഖനം ഉയര്‍ത്തിക്കാട്ടുന്ന പ്രശ്നം വസ്തുതാപരമാണ്; പക്ഷേ, വ്യാഖ്യാനം അപൂര്‍ണവും. ബിജെപിയെ വ്യത്യസ്തമാക്കുന്നത്, കുടുംബപശ്ചാത്തലം യാന്ത്രികമായി നേതൃത്വമായി മാറുന്നില്ല എന്നതാണ്. ഇവിടെ ഒരു വ്യക്തിയുടെ ഉയര്‍ച്ച പാരമ്പര്യത്തിലല്ല. മറിച്ച്, പ്രവര്‍ത്തനം, പ്രതിജ്ഞാബദ്ധത, പൊതുജനവിശ്വാസം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ബിജെപിയില്‍, കുടുംബപ്പേര് ഒരു വാതില്‍ തുറന്നേക്കാം, പക്ഷേ അത് എല്ലാക്കാലത്തേക്കും തുറന്നിടാന്‍ കഴിയില്ല.
ഈ വ്യത്യാസം അടിസ്ഥാനപരമാണ്. രാഷ്‌ട്രീയപരമായ ബന്ധുത്വം അതില്‍ത്തന്നെ ഒരു പ്രശ്‌നമല്ല. പാരമ്പര്യ നിയന്ത്രണമാണു പ്രശ്നം. നേതൃത്വം ഒരു കുടുംബത്തിന്റെ സ്വത്തായി മാറുമ്പോള്‍, ആന്തരിക ചര്‍ച്ചകള്‍ രക്തബന്ധങ്ങളോടുള്ള വിശ്വസ്തതയാല്‍ മാറ്റിസ്ഥാപിക്കപ്പെടുമ്പോള്‍, ജനാധിപത്യം തകരും. രാഷ്‌ട്രീയ സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്. 2000 മുതല്‍, ഭാരതീയ ജനതാ പാര്‍ട്ടിക്ക് എട്ട് ദേശീയ അധ്യക്ഷരുണ്ടായിട്ടുണ്ട്. ബംഗാരു ലക്ഷ്മണ്‍, ജന കൃഷ്ണമൂര്‍ത്തി, വെങ്കയ്യ നായിഡു, എല്‍ കെ അദ്വാനി, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അമിത് ഷാ, ജെ പി നഡ്ഡ. ഓരോരുത്തരും വ്യത്യസ്ത പ്രദേശങ്ങളില്‍നിന്നും പശ്ചാത്തലങ്ങളില്‍നിന്നും ഉള്ളവരും, സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നുവന്നവരുമാണ്. അതേ കാലയളവില്‍, കോണ്‍ഗ്രസിനു മൂന്ന് അധ്യക്ഷര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; അതില്‍ രണ്ടുപേരും ഗാന്ധിമാരാണ്. സോണിയ ഗാന്ധി പത്തൊന്‍പത് വര്‍ഷം ആ പദവി വഹിച്ചു. ഇന്നും അവസാനവാക്ക് ആ കുടുംബത്തിന്റേതാണ്.
ഈ വ്യത്യാസങ്ങളെ ചുരുക്കിക്കളയുന്നതിലൂടെ, ലേഖനത്തിന്റെ വിശകലനം അടിസ്ഥാനപരമായി വ്യത്യസ്തമായ രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങളെ തുല്യമാക്കുകയാണ് ചെയ്യുന്നത്. ആകസ്മികമായ ബന്ധുത്വവും സ്ഥാപനപരമായ പിടിച്ചെടുക്കലും തമ്മില്‍ വേര്‍തിരിക്കാതെ രാഷ്‌ട്രീയത്തില്‍ ബന്ധുക്കളുള്ള നിയമസഭാംഗങ്ങളുടെ എണ്ണം ഇത് കണക്കാക്കുന്നു. 2078 ബിജെപി നിയമസഭാംഗങ്ങളില്‍ 84 പേര്‍ രാഷ്‌ട്രീയ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്; ഏകദേശം നാല് ശതമാനം. കോണ്‍ഗ്രസിന് 857 നിയമസഭാംഗങ്ങളുണ്ട്; അവരില്‍ 73 പേര്‍ കുടുംബവാഴ്ചയില്‍പ്പെട്ടവരാണ്; ഏകദേശം ഒമ്പത് ശതമാനം. ആനുപാതികമായി അളക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ചയുടെ സാന്ദ്രത ഇരട്ടിയിലധികമാണ്. എന്നിരുന്നാലും, കേവലം സംഖ്യകള്‍ ഉദ്ധരിച്ച് ലേഖനം തെറ്റായ സമമിതി സൃഷ്ടിക്കുന്നു.
കോണ്‍ഗ്രസിനപ്പുറം, പ്രാദേശിക പാര്‍ട്ടികളില്‍ പലതിലും അധികാരം കുടുംബത്തിന്റെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. സമാജ്വാദി പാര്‍ട്ടി മുലായം സിങ് യാദവില്‍നിന്ന് അഖിലേഷ് യാദവിലേക്കു മാറി. രാഷ്‌ട്രീയ ജനതാദള്‍ യാദവ് കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. ഡിഎംകെ എം. കരുണാനിധിയില്‍ നിന്ന് എം. കെ. സ്റ്റാലിലേക്കും ഇപ്പോള്‍ ഉദയനിധി സ്റ്റാലിലേക്കും മാറി. തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയെയും അവരുടെ അനന്തരവന്‍ അഭിഷേകിനെയും ചുറ്റിപ്പറ്റിയാണ്. സോറന്‍ കുടുംബം ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയെ നിയന്ത്രിക്കുന്നത് തുടരുന്നു. ഇവ ബഹുസ്വര നേതൃത്വത്തിന്റെ ഉദാഹരണങ്ങളല്ല; മറിച്ച്, പാരമ്പര്യമായി ലഭിച്ച ആധിപത്യത്തിന്റെ ഉദാഹരണങ്ങളാണ്. കുടുംബം ഇല്ലാതായാല്‍ പാര്‍ട്ടി തകരും.
ബിജെപി വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാന്‍, അതിന്റെ സ്ഥാപനപരമായ രൂപകല്‍പ്പന നോക്കേണ്ടതുണ്ട്. ബിജെപിയുടെ സംഘടനാ സംവിധാനം ശ്രേണീബദ്ധവും, കൂട്ടായ പ്രവര്‍ത്തനമുള്ളതും, ലക്ഷ്യോന്മുഖവുമാണ്. കേഡര്‍മാരെ നേരത്തെ തിരിച്ചറിയുകയും, ഘടനാപരമായ പരിപാടികളിലൂടെ പരിശീലനം നല്‍കുകയും, ബൂത്ത്, മണ്ഡലം, ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഉത്തരവാദിത്വത്തിലൂടെ പരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ ഘട്ടത്തിലെയും പ്രകടനം അടുത്ത അവസരം നിര്‍ണയിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ വിജയിക്കേണ്ട മത്സരങ്ങളാണ്; പക്ഷേ, അവ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ സംഘടിപ്പിക്കാനും പ്രേരിപ്പിക്കാനും ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുമുള്ള ശേഷിയുടെ കണക്കെടുപ്പു കൂടിയാണ്. സേവനം, അച്ചടക്കം, പ്രവര്‍ത്തനം എന്നിവയാണ് പുരോഗതിയുടെ അടിസ്ഥാനം എന്ന സംസ്‌കാരം ഈ ഘടന സൃഷ്ടിക്കുന്നു.
നേതൃത്വനിരയും ഇതേ കഥ പറയുന്നു. 2014 മുതല്‍ ഇന്ത്യയുടെ സാമൂഹ്യ ചലനാത്മകതയെ പ്രതിഫലിപ്പിക്കുന്ന ഒന്നാം തലമുറ നേതാക്കളെ പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടുവന്നു. ഛത്തീസ്ഗഢിലെ ആദ്യത്തെ ഗോത്ര മുഖ്യമന്ത്രിയായ വിഷ്ണു ദേവ് സായ്, സുസ്ഥിരമായ അടിസ്ഥാന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഔദ്യോഗിക ജീവിതം കെട്ടിപ്പടുത്തത്. ഒഡിഷയിലെ മോഹന്‍ മാഝി, മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് വര്‍ഷങ്ങളോളം സംഘടനാ മേഖലയിലും നിയമസഭയിലും ചെലവഴിച്ചു. ഹരിയാനയിലെ നയാബ് സിംഗ് സൈനി എളിയ പശ്ചാത്തലത്തില്‍ നിന്നുള്ളയാളാണ്. രാജസ്ഥാനിലെ ഭജന്‍ ലാല്‍ ശര്‍മ വര്‍ഷങ്ങളുടെ മണ്ഡല പ്രവര്‍ത്തനത്തിലൂടെയും പാര്‍ട്ടി ഉത്തരവാദിത്വത്തിലൂടെയുമാണു വളര്‍ന്നത്. അവരില്‍ ആര്‍ക്കും രാഷ്‌ട്രീയ പദവികള്‍ പാരമ്പര്യമായി ലഭിച്ചിട്ടില്ല. യോഗ്യത അധിഷ്ഠിതമായുള്ള പാര്‍ട്ടിക്കുള്ളില്‍ നേതൃത്വം എങ്ങനെ നേടാം എന്നതിനെക്കുറിച്ചുള്ള പഠനമാണ് ഓരോരുത്തരും.
ബിജെപിയുടെ പാര്‍ലമെന്ററി-ഗവണ്മെന്റ് അനുഭവങ്ങളും, പ്രവേശനക്ഷമതയും ആധിപത്യവും തമ്മിലുള്ള വ്യത്യാസം പ്രകടമാക്കുന്നു. പല യുവ നേതാക്കള്‍ക്കും ശ്രദ്ധയും ഉത്തരവാദിത്വവും നല്‍കുന്നുണ്ടെങ്കിലും, അവരെ വിലയിരുത്തുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. ഫലങ്ങള്‍, പരിഷ്‌കാരങ്ങള്‍, പൊതുവായ ആശയവിനിമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് മന്ത്രിമാരെ വിലയിരുത്തുന്നത്. പാര്‍ട്ടി നിലപാടുകള്‍ സമയബന്ധിതവും പ്രകടനവുമായി ബന്ധപ്പെട്ടതുമാണ്. ഇത് തെറ്റുകളെയോ അഭിലാഷങ്ങളെയോ ഇല്ലാതാക്കുന്നില്ല. മാനുഷികമായ ഒന്നിനും ഇതു കഴിയില്ല. പക്ഷേ ഇത് കുടുംബവാഴ്ചയേക്കാള്‍ കഴിവിന് മുന്‍ഗണന നല്‍കുന്ന പ്രോത്സാഹനങ്ങള്‍ സൃഷ്ടിക്കുന്നു.?
ഇതിനു വിപരീതമായി, പാരമ്പര്യം പറയുന്ന രാഷ്‌ട്രീയ കക്ഷികള്‍ക്കു പുതുമകള്‍ കണ്ടെത്താന്‍ പ്രയാസമാണ്. പിന്‍ഗാമിയെ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നതാണ് കാരണം. അവകാശിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കാരണം പ്രതിഭകള്‍ക്ക് ഒതുങ്ങി നില്‍ക്കേണ്ടിവരുന്നു. കുടുംബവാഴ്ചയെ എതിര്‍ക്കുമെന്ന ഭയത്താല്‍ ആന്തരിക ചര്‍ച്ചകള്‍ മന്ദീഭവിക്കുന്നു. സംഘടനാശൃംഖലകള്‍ ഭരണാധികാരികള്‍ക്കും നിയമനിര്‍മാതാക്കള്‍ക്കും ഇടയിലല്ല; പകരം അനുചരന്മാരെയും ഇടനിലക്കാരെയും ചുറ്റിപ്പറ്റി കറങ്ങുന്നു. ഇതിന്റെ ഫലം രാഷ്‌ട്രീയ സ്തംഭനാവസ്ഥ മാത്രമല്ല; പൊതുജന വിശ്വാസത്തിന്റെ ശോഷണം കൂടിയാണ്. പ്രവര്‍ത്തിച്ചു നേടിയെടുത്ത നേതൃത്വവും കൈമാറ്റം ചെയ്യപ്പെടുന്ന നേതൃത്വവും തമ്മിലുള്ള വ്യത്യാസം വോട്ടര്‍മാര്‍ക്കു കാലക്രമേണയേ തിരിച്ചറിയാനാകൂ.
ചരിത്രം അംഗീകരിക്കേണ്ടതു പ്രധാനമാണ്. ദേശീയ ഭാവനയില്‍ രാഷ്‌ട്രീയ പാരമ്പര്യത്തെ സാധാരണവല്‍ക്കരിച്ചത് കോണ്‍ഗ്രസാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിആര്‍എസ് മുതല്‍ തൃണമൂല്‍ വരെയുള്ള പല പ്രാദേശിക കുടുംബവാഴ്ചാകക്ഷികളും കോണ്‍ഗ്രസിന്റെ ശാഖകളാണ്. അതിന്റെ പാരമ്പര്യഘടന പകര്‍ത്തുകയും ചെയ്യുന്നു. പതിറ്റാണ്ടുകളായി ഈ സംസ്‌കാരം രാഷ്‌ട്രീയകക്ഷികളെ കുടുംബസംരംഭങ്ങളാക്കി രൂപാന്തരപ്പെടുത്തി. അവിടെ പ്രത്യയശാസ്ത്രത്തിനു പകരം കൂറാണു സ്ഥാനം പിടിച്ചത്. നേതൃത്വവികസനത്തിനുപകരം പിന്തുടര്‍ച്ചാവകാശം വരികയും ചെയ്തു. ആ മാതൃകയ്‌ക്കു താല്‍ക്കാലികമായി തെരഞ്ഞെടുപ്പുവിജയമേകാന്‍ കഴിഞ്ഞേക്കാം. പക്ഷേ അതു സുസ്ഥിരസ്ഥാപനങ്ങളോ കഴിവുള്ള നേതാക്കളുടെ വിശാലമായ നിരയോ അപൂര്‍വമായേ കെട്ടിപ്പടുക്കൂ.
ബിജെപി കുടുംബവാഴ്ചയില്‍നിന്നു പൂര്‍ണമായും മുക്തമാണോ എന്നു വിമര്‍ശകര്‍ ചോദിക്കാറുണ്ട്. എന്നാല്‍, പ്രസക്തമായ ചോദ്യം വ്യത്യസ്തമാണ്. അത്തരം വ്യക്തികള്‍ അവരുടെ പാരമ്പര്യത്താല്‍ മാത്രമാണോ സ്ഥാനങ്ങള്‍ ആസ്വദിക്കുന്നത്; അതോ, നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ അവര്‍ സംഘടനയുടെയും വോട്ടര്‍മാരുടെയും വിശ്വാസം ആര്‍ജിച്ചിട്ടുണ്ടോ? കുടുംബപശ്ചാത്തലം ജീവചരിത്രപരമായ വസ്തുതയാണെങ്കിലും അതു മതിയായ യോഗ്യതയല്ലെന്നു ബിജെപിയുടെ ചരിത്രം കാട്ടിത്തരുന്നു. നേതൃത്വത്തിലേക്കുള്ള പാത ഏവര്‍ക്കും ഒരുപോലെയാണ്. കാര്യകര്‍ത്താവില്‍നിന്നു നേതാവിലേക്ക്, പ്രവര്‍ത്തകനില്‍നിന്നു പ്രതിനിധിയിലേക്ക്, പ്രതിനിധിയില്‍നിന്നു മന്ത്രിയിലേക്ക്; ഓരോ ചുവടും വയ്‌ക്കുന്നത് പ്രവര്‍ത്തനത്തിലൂടെയാണ്.














