പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ മോഷണം നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി.അള്‍ജീരിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പാരീസിലെ റോയിസി വിമാനത്താവളത്തില്‍ വെച്ചാണ് ഒരാളെ പിടികൂടിയത്.കഴിഞ്ഞ ഞായറാഴ്ചയാണ് ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് പട്ടാപകല്‍ വെറും ഏഴ് മിനിറ്റുകള്‍ക്കുള്ളില്‍ അമൂല്യരത്‌നങ്ങള്‍ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം മോഷണം പോയത്. 88 ദശലക്ഷം യൂറോ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം പോയിരുന്നത്.
മ്യൂസിയത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനിടയില്‍, നിര്‍ത്തിയിട്ട ട്രക്കില്‍ ഘടിപ്പിച്ച യന്ത്രഗോവണിയിലൂടെ ബാല്‍ക്കണിയിലേക്ക് കടന്ന് അവിടുത്തെ ജനാല തകര്‍ത്താണ് മോഷണം നടത്തിയത്.നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെയും പത്‌നിയുടെയും ഉള്‍പ്പെടെ ചരിത്രപ്രസിദ്ധവും അമൂല്യവുമായ ഫ്രഞ്ച് രാജകീയ രത്‌നങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അപ്പോളോ ഗാലറിയുടെ അകത്തേക്ക് മോഷ്ടാക്കള്‍ കയറിപ്പറ്റി ആഭരണങ്ങളടക്കം മോഷ്ടിക്കുകയായിരുന്നു.
















