കൊച്ചി: നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ആനക്കൊമ്പ് നിയമവിധേയമാക്കിയ നടപടികളില്‍ വീഴ്ചയുണ്ടായി എന്നു ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിജ്ഞാപനം ചെയ്യാതെ ഉത്തരവ് മാത്രമായി ഇറക്കിയാൽ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിൽ മോഹൻലാലിന്റെ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. 2011 ൽ നടൻ മോഹൻലാലിന്റെ വീട്ടിൽ നിന്നും ആനക്കൊമ്പ് പിടിച്ചതിനെ തുടർന്ന് വനം വകപ്പ് കേസ് എടുത്തിരുന്നു. ഈ സമയത്ത് മോഹൻലാലിന് ഇത് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹൻലാലിന് പതിച്ചുനൽകുകയും കേസ് പിൻവലിക്കുകയും ചെയ്തിരുന്നു.
നേരത്തെ ഉത്തരവ് റദ്ദാക്കിയ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി, മോഹൻലാൽ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ നടപടിയിലുണ്ടായ പിഴവ് മൂലം ഇവ കൈവശം വെക്കാനുള്ള ലൈസൻസിന് പ്രസക്തിയില്ല എന്ന കാര്യമാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
















