തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രാധാന്യവും ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ശ്രീ നാരായണ ഗുരു നമുക്ക് ഒരു ആത്മീയ വിഷയം മാത്രമല്ല, എല്ലാക്കാലത്തും നമ്മോടൊപ്പം ഉണ്ടായിരിക്കുകയും അനുഗ്രഹങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്ത വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വർക്കല ശിവഗിരി മഠത്തിൽ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ഇന്ന്, സംഘർഷങ്ങളുടെയും, വ്യത്യാസങ്ങളുടെയും, ഏറ്റുമുട്ടലുകളുടെയും ഈ ലോകത്ത്, ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങൾ ഏറ്റവും ആവശ്യമാണ്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പ്രചരിപ്പിക്കാൻ നാരായണ ഗുരുവിന്റെ അനുഗ്രഹം നമുക്ക് വേണം. എല്ലാ മനുഷ്യരും ഒന്നാണെന്നും, മനുഷ്യർക്കിടയിൽ വ്യത്യാസങ്ങളില്ലെന്നും നാരായണ ഗുരു എപ്പോഴും വിശ്വസിച്ചു. ലോകത്ത് ഇപ്പോൾ നടക്കാത്തതും ഇതുതന്നെയാണ്. അതിനാൽ, ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെയും ജീവിതത്തിന്റെയും ഉപദേശങ്ങളുടെയും പ്രാധാന്യം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
മാനവികതയ്‌ക്കായി സമർപ്പിച്ച ജീവിതമായിരുന്നു ഗുരുവിൻ്റേത്. സ്വാമി വിവേകാനന്ദൻ പറഞ്ഞ കാര്യത്തിൽ അദ്ദേഹം എപ്പോഴും വിശ്വസിച്ചിരുന്നു. മനുഷ്യനെ സേവിക്കുന്നത് ഈശ്വരസേവയാണ്. അതിനാൽ, മനുഷ്യരാശിയെ സേവിക്കുന്നതിലൂടെ നമ്മൾ ഈശ്വരനെയാണ് സേവിക്കുന്നത്. ഇതാണ് നാരായണ ഗുരു നമുക്ക് നൽകിയിട്ടുള്ളത്. കേരളം ധാരാളം മഹത്തുക്കളെയും സന്യാസിമാരെയും സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ നാരായണ ഗുരു നമ്മെ പഠിപ്പിച്ച ഒരു അതുല്യനായ സംന്യാസിയാണ് – ഗവർണർ പറഞ്ഞു.
ചടങ്ങിൽ, പൊതുവിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, ദേവസ്വം ബോർഡ് മന്ത്രി വി.എൻ. വാസവൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങൽ എം. പി അടൂർ പ്രകാശ്, വി. ജോയ് എംഎൽഎ, നാരായണ ധർമ്മസംഘം അധ്യക്ഷം ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദ, ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശ്രീമദ് സ്വാമി ശുഭകരാനന്ദ തുടങ്ങിയവർ പങ്കെടുത്തു.
















