തൃശൂര്‍: കലാമണ്ഡലത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ചാന്‍സലര്‍ മല്ലിക സാരാഭായി. രാഷ്‌ട്രീയ അതിപ്രസരവും കഴിവില്ലാത്ത ജീവനക്കാരും കലാമണ്ഡലത്തിന്റെ വളര്‍ച്ചയ്‌ക്ക് തടസമാണെന്ന് അവര്‍ തുറന്നടിച്ചു. ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മല്ലികയുടെ പരാമര്‍ശങ്ങള്‍.
വൈസ് ചാന്‍സലറും രജിസ്ട്രാറും ഒഴികെയുള്ള ജീവനക്കാര്‍ക്ക് ഇംഗ്ലീഷില്‍ ഇ മെയില്‍ അയക്കാന്‍ പോലുമറിയില്ല. കല്‍പിത സര്‍വകലാശാലയുടെ പദവി ലഭിച്ചപ്പോള്‍ ക്ലര്‍ക്കുമാരായിരുന്നവര്‍ ഓഫീസര്‍മാരായി മാറി. എന്നാല്‍ ഇവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയില്ല. കഴിവില്ലാത്ത ജീവനക്കാരാണ് കലാമണ്ഡലത്തിന്റെ വളര്‍ച്ചക്ക് തടസം. രാഷ്‌ട്രീയ പരിഗണന വെച്ച് ആളുകളെ തിരുകിക്കയറ്റുകയാണ്. അങ്ങനെയെങ്കില്‍ പോലും യോഗ്യതയുള്ളവരെ തിരുകിക്കയറ്റിക്കൂടെ എന്നും മല്ലിക പരിഹസിച്ചു.
സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിന് ആവശ്യത്തിനു ഫണ്ട് ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണെന്നും അവര്‍ തുറന്നടിച്ചു. ചാന്‍സലര്‍ ആയിരുന്ന ഗവര്‍ണറെ നീക്കിയാണ് സിപിഎമ്മിന്റെ താല്പര്യപ്രകാരം മല്ലിക സാരാഭായിയെ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവന്നത്. അന്നുമുതല്‍ മല്ലിക തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. നേരത്തെ മൂന്നു ലക്ഷം രൂപ പ്രതിമാസം പ്രതിഫലം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന കലാമണ്ഡലത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഈ അതൃപ്തി നിലനില്‍ക്കെയാണ് അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍.
















