തിരുവനന്തപുരം: കിലോക്കണക്കിന് സ്വര്‍ണം മാത്രമല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഏക്കര്‍ കണക്കിന് ഭൂമിയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പലരും കൈക്കലാക്കി. എത്ര ഭൂമി നഷ്ടമായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡിനോട് ചോദിച്ചാല്‍ വ്യക്തമായ രേഖകളില്ലെന്നാണ് മറുപടി. നഷ്ടമായ ദേവസ്വം ഭൂമി തിരികെപ്പിടിക്കാന്‍ ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണല്‍ രൂപീകരിച്ചെങ്കിലും മുന്നോട്ട് പോകാനാകുന്നില്ല. തിരികെ പിടിച്ച തുച്ഛമായ ഭൂമി വിവിധ കോടതികളില്‍ വ്യവഹാരങ്ങളില്‍ പെട്ട് കിടക്കുന്നു. ഓരോ നിമയമസഭാ സമ്മേളനത്തിലും ദേവസ്വം ഭൂമി കൈയേറിയത് സംബന്ധിച്ചുള്ള ചോദ്യത്തിന് തിരികെ പിടിക്കാന്‍ നടപടികള്‍ ആരംഭിച്ചെന്നും ലാന്‍ഡ് ട്രൈബ്യൂണല്‍ നടപടി സ്വികിരിച്ചിട്ടുണ്ടെന്നുമാണ് മറുപടി. ചില ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ നേരിട്ട് ഭൂമി തിരികെ പിടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ദേവസ്വം ബോര്‍ഡിന് താല്‍പ്പര്യമില്ല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ 494 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ നാല് ഏക്കര്‍ ഒന്‍പത് സെന്റ് തിരികെ പിടിച്ചെന്നുമാണ് നിയമസഭയില്‍ നല്‍കിയ മറുപടി. എന്നാല്‍ 3500 ഏക്കര്‍ ഭൂമി കൈയേറിയുണ്ടെന്നാണ് ദേവസ്വംബോര്‍ഡിലുള്ള ഏകദേശ കണക്ക്. ബോര്‍ഡിന്റെ പക്കലുള്ള കണക്കുകളേക്കാള്‍ പതിന്‍മടങ്ങ് വസ്തു കൈയേറിട്ടുണ്ടെന്ന് വിവിധ ക്ഷേത്രങ്ങളിലെ കണക്കുകളില്‍നിന്നും വ്യക്തമാകുന്നു. നിലവിലുള്ള ക്ഷേത്രങ്ങള്‍ക്ക് എത്ര ഭൂമി ഉണ്ടെന്ന കണക്ക് പോലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇല്ല. ഡിജില്‍ സര്‍വേ നടന്നപ്പോള്‍ വസ്തുവിന്റെ രേഖകള്‍ സമര്‍പ്പിക്കാനും തയാറായില്ല.
തിരുവനന്തപുരം ജില്ലയില്‍ പാളയം ശ്രീ ശക്തിവിനായക ക്ഷേത്രത്തിന് രേഖകളിലുള്ളത് 92 സെന്റ്. ഇപ്പോഴുള്ളത് ഒന്‍പത് സെന്റ് ഭൂമി. നിലവിലെ മാര്‍ക്കറ്റ് വില കണക്കാക്കിയാല്‍ സെന്റിന് 40 ലക്ഷത്തിലധികം രൂപ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെള്ളായണി ദേവീ ക്ഷേത്രത്തില്‍ രേഖകള്‍ പ്രകാരം 187 ഏക്കര്‍ സ്ഥലം. നിലവിലുള്ളത് ഒരേക്കര്‍ 33 സെന്റ് മാത്രം.
പാറശ്ശാലയില്‍ 3.62 ഏക്കര്‍ വസ്തുവാണ് വേങ്കവിള തിരിച്ചിറ്റൂര്‍ ശിവവിഷ്ണു ക്ഷേത്രത്തിന് നഷ്ടമായത്. തിരികെപിടിക്കാന്‍ ഭക്തര്‍ നടത്തിയ ശ്രമം ഏറെക്കുറെ വിജയിച്ചെങ്കിലും വസ്തു ഏറ്റെടുത്ത് മുതല്‍ക്കൂട്ടാന്‍ ദേവസ്വം ബോര്‍ഡിന് താല്‍പ്പര്യമില്ല. വെള്ളറട ഒറ്റശേഖരമംഗലം കോളൂര്‍ ദേവസ്വം ബോര്‍ഡ് ശിവക്ഷേത്രത്തില്‍ അഞ്ചര ഏക്കര്‍ ഭൂമിയില്‍ ഇപ്പോഴുള്ളത് ഒരേക്കര്‍. പാറശ്ശാലയില്‍ കാവുംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ രണ്ടേക്കര്‍ ഭൂമിയില്‍ ഇപ്പോഴുള്ളത് വെറും അഞ്ച് സെന്റ് മാത്രം. അതും ഭഗവാന്‍ റവന്യൂ പുറമ്പോക്കിലെന്ന് റവന്യൂ രേഖകളില്‍ പറയുന്നു. ശ്രീവരാഹം ക്ഷേത്രത്തിലെ 36 സെന്റ് കൈയേറി വേലി കെട്ടി തിരിച്ചു. ബോര്‍ഡിന് കീഴിലുള്ള എരുമേലി ദേവസ്വത്തിലാണ് ഏറ്റവും കൂടുതല്‍ ഭൂമി അന്യാധീന പെട്ടത് 1842.08 ഏക്കര്‍. ഇപ്പോള്‍ പതിനാല് ഏക്കര്‍ മാത്രമാണ് അവശേഷിക്കുന്നത്.















