പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും സിപിഎമ്മും സിപിഐയും ജെഎംഎമ്മും സഖ്യകക്ഷികളായ മഹാഘട്ബന്ധനിലെ വിവിധ പാര്‍ട്ടികള്‍ തമ്മില്‍ പോര് കൂടി വരികയാണ് മഹാസഖ്യത്തിലെ കക്ഷികള്‍ തമ്മിലുള്ള പോര് കൂടുതല്‍ മണ്ഡലങ്ങളിലേക്ക്. നവമ്പര്‍ ആറിന് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ 20 തിങ്കളാഴ്ചയാണെന്നിരിക്കേ 9 മണ്ഡലങ്ങളില്‍ മത്സരത്തില്‍ നിന്ന് പിന്മാറാതെ കക്ഷികള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്.
.ലാല്‍ ഗഞ്ജ്, വൈശാലി, രാജാപാകര്‍, റോസെര, ബീഹാര്‍ഷരീഫ്, ബച്വാര, താരാപൂര്‍, കുട്ടുംബ, കഹാല്‍ഗാവോണ്‍ എന്നീ ഒമ്പത് മണ്ഡലങ്ങളില്‍ ആര്‍ജിഡെയും കോണ്‍ഗ്രസും ജെഎംഎമ്മും സിപിഎമ്മും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുകയാണ്. കുട്ടുംബ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ രാജേഷ് റാമിനെതിരെ ആര്‍ജെഡി സുരേഷ് പാസ്വാനെ മത്സരത്തിന് നിര്‍ത്തിയത് കോണ്‍ഗ്രസില്‍ വലിയ അസ്വസ്ഥതയുണ്ട്. എന്നാല്‍ നേര്‍ക്ക് നേര്‍ വരുന്ന മണ്ഡലങ്ങളില്‍ നല്‍കിയ പത്രിക പിന്‍വലിക്കാന്‍ ഒരു കക്ഷിയും തയ്യാറിയിട്ടില്ല. കൂടുതല്‍ കൂടുതല്‍ ദുര്‍ബലമായി വരുന്ന കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും ബീഹാര്‍ എന്നാല്‍ ആര്‍ജെഡിയുടെ കോട്ടയാണെന്നും ഉള്ള ന്യായങ്ങളാണ് ആര്‍ജെഡി യുവനേതാവ് തേജസ്വി യാദവ് നിരത്തുന്നത്.
ഒക്ടോബര്‍ 20 തിങ്കളാഴ്ച ആണ് ആദ്യഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. തിങ്കളാഴ്ചയാണ് ചിത്രം കൂടുതല്‍ തെളിയുക. ഒക്ടോബര്‍ 23നാണ് രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം. അതോടെ ഒരു മഹാഘട്ബന്ധന്റെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം കിട്ടും.
“”ബീഹാറിലെ അടിസ്ഥാനയാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് മനസ്സിലാക്കണം. ആര്‍ജെഡി സീറ്റുകള്‍ ആവശ്യപ്പെടുന്ന ഒരേയൊരു സംസ്ഥാനം ബീഹാര്‍ മാത്രമാണ്. കുറച്ച് സീറ്റുകള്‍ ഛത്തീസ് ഗഢിലും ആവശ്യപ്പെടും. അല്ലാതെ കര്‍ണ്ണാടകയിലോ രാജസ്ഥാനിലോ മധ്യപ്രദേശിലോ യുപിയിലോ ഒന്നും ആര്‍ജെഡി സീറ്റ് ആവശ്യപ്പെടില്ല. അതുകൊണ്ട് കോണ്‍ഗ്രസ് കുറച്ചധികം സീറ്റുകള്‍ ആര്‍ജെഡിയ്‌ക്ക് നല്‍കണം.”- ആര്‍ജെഡി നിലപാട് വിശദീകരിച്ച് വക്താവ് മൃത്യുഞ്ജയ് തിവാരി പറയുന്നു.
അതേ സമയം കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ വേണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ ജനസ്വാധീനം കുറഞ്ഞുവരുന്നതിനാല്‍ 2020ല്‍ നല്‍കിയതിനേക്കാള്‍ 20 സീറ്റുകളോളം കുറവ് മാത്രമേ നല്‍കാന്‍ കഴിയൂ എന്ന ഉറച്ച നിലപാടിലാണ് ആര്‍ജെഡി യുവനേതാവ് തേജസ്വി യാദവ്.
















