ഗാസ : ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ഗാസയില്‍ നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നാണ് സെയ്തൂണ്‍ മേഖലയില്‍ നടന്ന ടാങ്ക് ഷെല്ലാക്രമണം. വടക്കന്‍ ഗാസയില്‍ അബു ഷാബാന്‍ കുടുംബത്തിലെ 11 പേരെയാണ് ഇസ്രയേല്‍ ടാങ്ക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചതനുസരിച്ച്, കുടുംബാംഗങ്ങള്‍ തങ്ങളുടെ വീട് പരിശോധിക്കാന്‍ സെയ്തൂണ്‍ മേഖലയിലേക്കാണ് യാത്രതിരിച്ചത്. ബസില്‍ സഞ്ചരിക്കവേ ടാങ്ക് ഷെല്‍ നേരിട്ട് പതിച്ചതോടെയാണ് എല്ലാവരും കൊല്ലപ്പെട്ടത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.
തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് സംശയാസ്പദമായ വാഹനം കടന്നതിനെ തുടര്‍ന്ന് വെടിയുതിര്‍ക്കേണ്ടിവന്നതാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൈനിക പിന്മാറ്റം ആരംഭിച്ച് എട്ട് ദിവസങ്ങള്‍ക്കു ശേഷമാണ് ഈ സംഭവം ്. വെടിനിര്‍ത്തല്‍ ധാരണയ്‌ക്ക് ശേഷം ഇസ്രയേല്‍ സൈനികര്‍ ഭാഗമായ ഏറ്റവും രൂക്ഷമായ ആക്രമണമാണിത്.
ഇതിനിടെ, വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേലി ബന്ദിയായ എലിയാഹു മാര്‍ഗലിറ്റിന്റെ മൃതദേഹം ഹമാസറെഡ് ക്രോസിന് കൈമാറി. ഗാസയില്‍ നിന്ന് തിരികെ കൊണ്ടുവന്നത് പത്താമത്തെ മരിച്ച ബന്ദിയായിരുന്നു. ഇസ്രയേല്‍ ഇതുവരെ 15 പലസ്തീനികളുടെ മൃതദേഹങ്ങള്‍ ഗാസയ്‌ക്ക് തിരിച്ചുനല്‍കിയതായി ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ തിരിച്ചുകിട്ടിയ പലസ്തീനികളുടെ മൃതദേഹങ്ങളുടെ ആകെ എണ്ണം 135 ആയി.
ഇസ്രയേല്‍ സൈന്യം ഇപ്പോഴും ഗാസ മുനമ്പിന്റെ പകുതിയിലധികം മേഖലകളില്‍ നിലയുറപ്പിച്ച് തുടരുകയാണ്. നിയന്ത്രണത്തിലുള്ള മേഖലകളില്‍ സ്വദേശികള്‍ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സെയ്തൂണ്‍ ആക്രമണം വെടിനിര്‍ത്തലിന്റെ വിശ്വാസ്യതയെയും ഭാവിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു














