ദോഹ: പാകിസ്താനും അഫ്‌ഗാനിസ്ഥാനും അതിര്‍ത്തിയില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ നിരവധി ദിവസങ്ങളായി നീണ്ടുനിന്ന രക്തരൂക്ഷിതമായ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്.
“ഇരു പക്ഷങ്ങളും ഉടനടി വെടിനിര്‍ത്തലിനും ദീര്‍ഘകാല സമാധാനത്തിനും സ്ഥിരതയ്‌ക്കുമായി സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും ധാരണയായിട്ടുണ്ട്,” ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയ പ്രസ്താവനയില്‍ പറഞ്ഞു. ദോഹയില്‍ നടന്ന ചർച്ചകളിലാണ് ധാരണയിലെത്തിയത്.
ഇതിന് മുമ്പ് 48 മണിക്കൂര്‍ നീണ്ടു നിന്ന വെടിനിര്‍ത്തലിന് പിന്നാലെ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിനിര്‍ത്തലിന് പിന്നാലെയും പാകിസ്താന്‍ അതിര്‍ത്തിക്കപ്പുറത്ത് നടത്തിയ ആക്രമണം കരാറു ലംഘനമാണെന്ന് കാബൂള്‍ ആരോപിച്ചിരുന്നു.
പാകിസ്താനിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രസ്താവന പ്രകാരം, അഫ്‌ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ വ്യോമാക്രമണത്തില്‍ പാകിസ്താന്‍ താലിബാനുമായി ബന്ധമുള്ള ഒരു തീവ്രവാദ ഗ്രൂപ്പാണ് ലക്ഷ്യമാക്കിയതെന്ന് പറയുന്നു. പാകിസ്താന്‍ പാരാമിലിട്ടറി സേനയ്‌ക്കെതിരായ ആക്രമണത്തിനുള്ള പ്രതികാരമായാണ് ഈ വ്യോമാക്രമണമെന്നാണ് അവരുടെ വാദം.
ദോഹ ചർച്ചയില്‍ പാകിസ്താന്‍ പ്രതിരോധമന്ത്രി ഖവാജ അസിഫിന്റെയും ഇന്റലിജന്‍സ് മേധാവി ജനറല്‍ അസിം മാലിക്കിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്. അഫ്‌ഗാന്‍ വശത്ത് പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് നയിച്ച സംഘമാണ് ചർച്ചയില്‍ പങ്കെടുത്തത്.
ഈ ധാരണയിലൂടെ അതിര്‍ത്തിയില്‍ നീണ്ടുനിന്ന രൂക്ഷമായ സംഘര്‍ഷാവസ്ഥയ്‌ക്ക് താല്‍ക്കാലികമായെങ്കിലും ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സ്ഥിരമായ സമാധാനം ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും നിലനില്‍ക്കുന്ന അവിശ്വാസാവസ്ഥ മറികടക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
















