കുമളി: ജലനിരപ്പ് റൂൾ കർവ് പിന്നിട്ടതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്.സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്. ശനിയാഴ്ച രാവിലെ എട്ടു മണിക്ക് ഡാമിലെ ജലനിരപ്പ് 138.25 അടിയായിരുന്നു. ശനിയാഴ്ച പുലർച്ചേ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയിൽ എത്തി.
വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വർദ്ധിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.













