കോണ്‍ഗ്രസില്‍ എപ്പോഴൊക്കെ പുനഃസംഘടന നടന്നിട്ടുണ്ടോ അപ്പോഴെല്ലാം തമ്മിലടിയും ഉണ്ടായിട്ടുണ്ട്. ദേശീയതലത്തില്‍ ആയാലും സംസ്ഥാന തലത്തിലായാലും അതിനും താഴെ പ്രാദേശിക തലത്തിലും ഒരു അനുഷ്ഠാനം പോലെ ആവര്‍ത്തിക്കുന്ന കലാപരിപാടിയാണിത്. പുനഃസംഘടനയുടെ പേര് പറഞ്ഞ് നേതാക്കള്‍ പരസ്പരം തമ്മിലടിക്കുന്നത് പാര്‍ട്ടിയില്‍ കളിയാടുന്ന ജനാധിപത്യമായി ചിത്രീകരിക്കാന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മടിയില്ല. പാര്‍ട്ടി അച്ചടക്കം എന്നത് അശ്ലീലവാക്കായാണ് കോണ്‍ഗ്രസുകാര്‍ കാണാറുള്ളത്. നേതാക്കളില്‍ ആര് എന്തു ചെയ്താലും ആര്‍ക്കും ഒരാളെയും തിരുത്താന്‍ കഴിയില്ല. കാരണം തിരുത്തേണ്ട കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ആവര്‍ത്തിച്ച് ചെയ്തവര്‍ ആയിരിക്കും നടപടിയെടുക്കേണ്ടത്. സ്ത്രീ പീഡനത്തില്‍ പോലും ഇതാണവസ്ഥ. അതിനാല്‍ ആരെങ്കിലും അച്ചടക്ക നടപടിക്ക് മുതിര്‍ന്നാല്‍ ആരും വകവയ്‌ക്കില്ല.
രാഷ്‌ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെക്കൂടി അധികമായി ഉള്‍പ്പെടുത്തി കെപിസിസി പുനഃസംഘടിപ്പിച്ചതോടെ കാര്യങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും കുത്തിനിറച്ചതുതന്നെ സ്ഥാനമോഹികളെ പരമാവധി തൃപ്തിപ്പെടുത്താനാണ്. പക്ഷേ വിപരീത ഫലമാണ് ഉണ്ടായിരിക്കുന്നത്. ജംബോ പട്ടികയില്‍ ഉള്‍പ്പെട്ടവരും പുറത്തായവരും പല കാരണങ്ങളാല്‍ അസംതൃപ്തരാണ്. ഇവര്‍ പരസ്പരം ചെളി വാരിയെറിയുകയും ഭീഷണി മുഴക്കുകയുമൊക്കെ ചെയ്യുകയാണ്. സ്ഥാനമാനങ്ങളും അധികാരവും ഇല്ലെങ്കില്‍ പാര്‍ട്ടി എന്തിനെന്ന് ചിന്തിക്കുന്നവരാണ് കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളും. അധികാരം നഷ്ടപ്പെട്ടാല്‍ ഇവര്‍ അനാഥ പ്രേതങ്ങളെ പോലെ അലഞ്ഞു നടക്കും. ജനങ്ങള്‍ വോട്ട് നല്‍കി ജയിപ്പിക്കാത്തതിന് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ദുഷ്പ്രചാരണം നടത്തുകയും, വിദേശങ്ങളില്‍ പോയി രാജ്യവിരുദ്ധ പ്രസംഗം നടത്തുകയും ചെയ്യുന്ന നേതാവിന്റെ പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. പുനഃസംഘടനയുടെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
ജാതിമതശക്തികളെ പ്രീണിപ്പിച്ചും, ജനങ്ങളെ തമ്മിലടിപ്പിച്ചും ചുരുക്കം ചില സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്താന്‍ സോണിയാ കോണ്‍ഗ്രസിന് കഴിഞ്ഞേക്കാമെങ്കിലും രാജ്യത്ത് അധികാരത്തിലെത്താന്‍ ഈ പാര്‍ട്ടിക്ക് ഇനി കഴിയുമെന്ന് സ്ഥിര ബുദ്ധിയുള്ള ഒരു കോണ്‍ഗ്രസ് നേതാവും കരുതുന്നില്ല. ഇതിനാല്‍ സംസ്ഥാനങ്ങളാണ് പല നേതാക്കളുടെയും തട്ടകം. ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് ഇവര്‍ക്കറിയാം. ദേശീയ ചുമതല വേണ്ട, സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേരളത്തിലെ ചില നേതാക്കള്‍ പറയാനുള്ള കാര്യവും ഇതാണ്. രാഷ്‌ട്രീയം ഉപജീവനമാര്‍ഗമായി കരുതുന്നവര്‍ക്ക് അധികാരത്തിനു പുറത്തായാല്‍ അധികനാള്‍ അതിജീവിക്കാന്‍ കഴിയില്ലല്ലോ.
ഒന്‍പത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന പിണറായി സര്‍ക്കാര്‍ ദുഷിച്ച് നാറിയിരിക്കുകയാണ്. അതുകൊണ്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരിക തങ്ങളായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാമോഹിക്കുന്നു. മുഖ്യമന്ത്രിമാരും മന്ത്രിമാരുമാവാന്‍ കാത്തിരിക്കുന്നവരുടെ നീണ്ട നീര ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസിലുണ്ട്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ജനവിരുദ്ധതയുടെയും കാര്യത്തില്‍ ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും. ഈ സത്യം വോട്ടര്‍മാര്‍ തിരിച്ചറിയുകയും ചെയ്യുന്നു. വികസനവും ജനക്ഷേമവും രാജ്യസ്‌നേഹവും മുന്‍നിര്‍ത്തി 11 വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുന്ന ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ഭരണം ഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലും വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ത്തന്നെ ദേശീയതലത്തില്‍ മുന്നണിയായി നില്‍ക്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും കേരളത്തില്‍ ബിജെപിയെ തടയാന്‍ ഒന്നിക്കും. മുഖ്യമന്ത്രിക്കസേര മോഹിക്കുന്ന വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അന്തര്‍ധാര ശക്തമാണ്. കെപിസിസി പുനഃസംഘടനയിലെ തമ്മിലടിക്ക് ഇതൊക്കെയാണ് കാരണം. കോണ്‍ഗ്രസ് കാലഹരണപ്പെട്ട പാര്‍ട്ടിയാണ്. പുരാവസ്തു മൂല്യം മാത്രമാണ് അതിനുള്ളത്. കേരളത്തിലെ ജനങ്ങളും ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ പുനഃസംഘടനയുടെ പേരിലുള്ള തമ്മിലടികൊണ്ട് നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. പക്ഷേ ശീലിച്ചത് മറക്കാനാവില്ലല്ലോ.













