വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ 1222 കോടി രൂപയുടെ നിക്ഷേപവുമായി ലുലുവും യൂസഫലിയും. ലുലു ഷോപ്പിംഗ് മാള്‍ പദ്ധതിക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പച്ചക്കൊടി വീശി.
ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മികച്ച ആനുകൂല്യങ്ങൾ നൽകിയാണ് ലുലുവിന്റെ പദ്ധതിക്ക് ആന്ധ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ഫൺടൂറ എന്നിവ കൂടാതെ, മൾട്ടിപ്ല്ക്സ് തീയേറ്ററുകൾ, ഫുഡ് കോർട്ട് തുടങ്ങി മികച്ച സൗകര്യങ്ങളോടെയുള്ള മാൾ ആണ് ഉയരുക. ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ (APIIC) ഹാര്‍ബര്‍ പാര്‍ക്കിലെ 13.74 ഏക്കർ ഭൂമിയിൽ 13.5 ലക്ഷം ചതുരശ്ര അടിയിലാണ് മാള്‍ നിർമ്മിക്കുക. 99 വർഷത്തേക്കാണ് പാട്ടക്കരാർ.
പുതിയ നിബന്ധന പ്രകാരം 2028 മുതല്‍ വാര്‍ഷിക പാട്ട തുകയായി 7.08 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അത്ര തന്നെ തുകയുടെ സെക്യുരിറ്റി ഡിപ്പോസിറ്റും കരാറിൽ നിശ്ചയിച്ചിട്ടുണ്ട്
ഓരോ പത്ത് വർഷത്തിൽ പാട്ട തുക 10 ശതമാനമായി പുതുക്കാനും വ്യവസ്ഥയുണ്ട്. പദ്ധതി പൂർത്തിയാകുന്നതു വരെ മൂന്ന് വര്‍ഷത്തേക്ക് കരാർ പ്രാവർത്തികമാകില്ല.
കൃഷ്ണാ ജില്ലയിലെ മല്ലവള്ളിയിൽ മെഗാ ഫുഡ് പാർക്കിൽ വാർഷിക പാട്ട തുകയായി 50 ലക്ഷം രൂപ നിശ്ചയിച്ച് ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കാനുള്ള ലുലുവിന്റെ പദ്ധതിക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ലുലു ഗ്രൂപ്പിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനെതിരെ ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ഭക്ഷ്യവകുപ്പ് മന്ത്രി നദൻല മനോഹറും എതിര്‍ത്തിരുന്നു. ഇത് മറികടന്നാണ് ലുലുവിന് അനുമതി നല്കിയത്.
















